വയനാട്ടിൽ കലിപൂണ്ട് കാട്ടാനകൾ : വള്ളുവാടിയിൽ വീടിനുനേരേ കാട്ടാന ആക്രമണം
1545586
Saturday, April 26, 2025 5:08 AM IST
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതം പരിധിയിലുള്ള വള്ളുവാടിയിൽ വീടിനുനേരേ കാട്ടാന ആക്രമണം. കുളത്തൂർക്കുന്ന് മലേകുളങ്ങര ബെന്നിയുടെ വീടിനുനേരേയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിനു കേടുപറ്റി. ശബ്ദം കേട്ട് പുറത്തിറങ്ങിയ ബെന്നിക്കുനേരേ ആന പാഞ്ഞടുത്തുവെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
തോൽപ്പെട്ടിയിൽ നിർത്തിയിട്ട കാർ കാട്ടാന ഭാഗികമായി തകർത്തു. ഫോറസ്റ്റ് ചെക്പോസ്റ്റിനു സമീപം ആലസംപാടം സജീർ നിർത്തിയിട്ട കാറിനുനേരേയാണ് ഇന്നലെ പുലർച്ചെ നാലോടെ ആനയുടെ ആക്രമണം നടന്നത്.
വീട്ടിലേക്ക് ഇറക്കാനുള്ള സൗകര്യക്കുറവുമൂലമാണ് കാർ റോഡരികിൽ പാർക്ക് ചെയ്തത്. പുലർച്ചെ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് കാട്ടാന കാർ ആക്രമിക്കുന്നത് കണ്ടെതെന്നു സജീർ പറഞ്ഞു.