കൊന്പനിൽനിന്ന് ബെന്നി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1545588
Saturday, April 26, 2025 5:08 AM IST
സുൽത്താൻ ബത്തേരി: മുട്ടികൊന്പന്റെ ആക്രമണത്തിൽ നിന്ന് ജീവനുംകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് വള്ളുവാടി കുളത്തൂർകുന്ന മലേക്കുളങ്ങര ബെന്നി. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പ്ലാവിൽ നിന്ന് ചക്കവീഴുന്ന ശബ്ദംകേട്ടാണ് ബെന്നി ഉണർന്ന് കോലായിലെത്തിയത്. തുടർന്ന് ലൈറ്റിടാതെയും ശബദംമുണ്ടാക്കാതെയും വാതിൽതുറന്ന് വരാന്തയിലേക്ക് കാലെടുത്തുവച്ചതേ ഓർമ്മയുള്ളു.
മുറ്റത്ത് ഒരുകോണിൽ നിൽക്കുകയായിരുന്ന മുട്ടികൊന്പൻ ബെന്നിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടന്ന് കോലായിലേക്ക് കയറി വാതിലടക്കാൻ സാധിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും താൻ കോലായിലേക്ക് കയറുന്പോഴേക്കും മുട്ടികൊന്പൻ തൊട്ടടുത്ത് എത്തിയിരുന്നതായും ബെന്നി പറഞ്ഞു.
ബെന്നിക്കുനേരെ പാഞ്ഞെത്തിയ മുട്ടിക്കൊന്പൻ മേൽക്കൂരയിലെ ഷീറ്റുകളും കഴുക്കോലും പട്ടികയും തകർത്തു. രണ്ട് വർഷംമുന്പും മുട്ടികൊന്പന്റെ മുന്നിൽ നിന്ന് സമാനമായ രീതിയിലാണ് ബെന്നി രക്ഷപ്പെട്ടത്.
വീടിനുപുറകിൽ നിന്ന് മരംകുലുക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ ബെന്നിക്കുനേരെ അന്നും മുട്ടികൊന്പൻ പാഞ്ഞടുത്തിരുന്നു ചക്കയുടെ കാലമായതിനാൽ കാട്ടാന ഇനിയും വരാനുള്ള സാധ്യത കണക്കിലെടുത്ത് വീടിനോട് ചേർന്നുള്ള പ്ലാവുകളിലെ ചക്കകളും ബെന്നി വെട്ടികളഞ്ഞു.