അറുമുഖനെ കൊലപ്പെടുത്തിയ ആനയെ കണ്ടെത്താനായില്ല
1545855
Sunday, April 27, 2025 5:39 AM IST
കൽപ്പറ്റ: മേപ്പാടി പൂളക്കുന്നിൽ മുൻ തോട്ടം തൊഴിലാളി അറുമുഖനെ കൊലപ്പെടുത്തിയ ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിന്റെ ഭാഗമായി കണ്ടെത്തുന്നതിന് വനസേന ഇന്നലെ നടത്തിയ ശ്രമം വിഫലം.
മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, വൈത്തിരി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, സ്റ്റാഫ്, കൽപ്പറ്റ, മേപ്പാടി ആർആർ ടീം അംഗങ്ങൾ എന്നിവർ മൂന്നു സംഘങ്ങളായി പൂളക്കുന്നു, കടൂർ, ഇളന്പ ലേരി, പുഴമൂല ഭാഗങ്ങളിൽ നടത്തിയ തെരച്ചലിൽ അക്രമകാരിയായ ആനയെ കണാനായില്ല.
മുത്തങ്ങയിൽനിന്നു എത്തിച്ച രണ്ട് കുംകി ആനകളുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ. അക്രമകാരിയായ ആന കുംകി ആനകളുടെ സാന്നിധ്യം മനസിലാക്കി തൊട്ടടുത്ത വന മേഖലയിലേക്ക് മാറിയിരിക്കാമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.
കാട്ടാനകൾ ഇറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വനസേന പട്രോളിംഗ് ശക്തമാക്കി.