അറുമുഖന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത് കനത്ത പോലീസ് സുരക്ഷയിൽ
1545587
Saturday, April 26, 2025 5:08 AM IST
സുൽത്താൻ ബത്തേരി: മേപ്പാടി പൂളക്കുന്നിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത് വൻ പോലീസ് സുരക്ഷയിൽ. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോസ്റ്റ് മോർട്ടം നടന്ന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം യൂണിറ്റ് പരിസരത്ത് വൻ പോലീസ് സന്നാഹമായിരുന്നു നിലയുറപ്പിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്നേതന്നെ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഭരതൻ, സുൽത്താൻ ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പോസ്റ്റ്മോർട്ടം യൂണിറ്റിനടത്തും സമീപങ്ങളിലുമായി നിലയുറപ്പിച്ചത്.
സുൽത്താൻ ബത്തേരിക്ക് കീഴിലെ ആറ് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാരാണ് സുരക്ഷയുടെ ഭാഗമായി എത്തിയത്. ഉച്ചയോടെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം പോലീസ് അകന്പടിയോടെയാണ് മേപ്പാടി എരുമക്കൊല്ലിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച രാത്രി തന്നെ അറുമുഖന്റെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം യൂണിറ്റിൽ എത്തിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 9.30 ഓടെ മേപ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ഉച്ചയ്ക്ക് 12.30 ഓടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സുൽത്താൻബത്തേരി താലൂക്ക് ലാൻഡ് റവന്യൂ തഹസിൽദാർ ബി. പ്രശാന്ത്, സുൽത്താൻ ബത്തേരി തഹസിൽദാർ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യു സംഘവും, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് രാവിലെ മുതൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയും സ്ഥലത്തെത്തിയിരുന്നു.