ഇടതു ഭരണത്തിനും ബത്തേരി നഗരസഭയ്ക്കും എതിരേ യുഡിഎഫ് ജനകീയ സമരം
1545628
Saturday, April 26, 2025 6:02 AM IST
സുൽത്താൻ ബത്തേരി: കെട്ടിടനികുതിയും ഭൂനികുതിയും പെർമിറ്റ്ഫീസും വർധിപ്പിച്ചു വാർഷിക പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും എല്ലാ മാസവും കരണ്ട് ചാർജും വെള്ളക്കരവും ഭീമമായി വർധിപ്പിച്ചതിനെതിരേ 28ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെ യുഡിഎഫ് ജനകീയ സമരം നടത്തും.
സുൽത്താൻ ബത്തേരി നഗരസഭ ഓഫീസിന് മുന്‍പിലാണ് സമരം. ചരിത്രത്തിലെങ്ങുമില്ലാത്ത രീതിയിൽ സാധാരണക്കാരന് താങ്ങാവുന്നതിലപ്പുറം നികുകി ഭീമമായി വർധിപ്പിക്കുകയും മന്ത്രിമാരും കുടുംബാംഗങ്ങളും അഴിമതിയിൽ മുങ്ങി നിൽക്കുകയും ചെയ്യുകയാണ് പിണറായി സർക്കാരിന്റെ കാലത്ത്.
ബത്തേരി നഗരസഭ ഇടതുഭരണം 10 വർഷം പൂർത്തിയാക്കുന്പോഴും നഗരസഭയിലെ സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പുറംമോടിയും മനംമയക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായി മുന്നോട്ട് പോകുന്ന സ്ഥിതിയാണ് കാണുന്നത്. എടുത്തു കാണിക്കാൻ പറ്റിയ ഒരു നിർമാണ പ്രവർത്തനവും തുടങ്ങാൻ ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നാലുവർഷം നഗരസഭയെ ഇരുട്ടിലാക്കി പിന്നീട് ഗ്രാമങ്ങളിൽ വച്ച സ്ട്രീറ്റ് ലൈറ്റുകൾ നിലവാരമില്ലാത്തതിനാൽ ഇപ്പോൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. ഭരണകക്ഷിയുടെ സ്വജനപക്ഷപാതവും അഴിമതിയും നാട്ടിൽ പാട്ടാണ്.
നിറം വച്ച നഗരമുഖത്തിന് പിന്നിൽ തകർന്ന ഗ്രാമീണ റോഡുകൾ ഗ്രാമീണരുടെ മുഖത്ത് സന്തോഷം ഉണ്ടെന്ന സ്പോണ്‍സേർഡ് വർക്ക് നഗരവാസികൾക്ക് ബോധ്യമാകും. ജില്ലയിലെ ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ദേശീയ സംസ്ഥാന ശുചിത്വ സൂചികയിൽ സ്റ്റാർ കാറ്റഗറിയിൽ വരുന്പോഴും നമ്മുടെ നഗരസഭയ്ക്ക് ഇതുവരെ സ്റ്റാർ കാറ്റഗറിയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നത് ഭരണസമിതിയുടെ പോരായ്മയാണ്.
വന്യമൃഗശല്യം ഇല്ലാതാക്കാൻ ശാശ്വതമായ ഒരു പദ്ധതിയും ഈ ഭരണസമിതിയുടെ കയ്യിലില്ല. പത്രമാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച് നാട്ടുകാർക്ക് പ്രതീക്ഷ നൽകിയ ബുലെവാഡ്ന്ധ പദ്ധതി നടപ്പാക്കിയിട്ടില്ല.
കടമാൻചിറ, മണിച്ചിറ പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. സത്രംകുന്ന് ടൂറിസം പദ്ധതി ഉപേക്ഷിച്ചു എന്ന് മാത്രമല്ല പ്രദേശവാസികളുടെ എതിർപ്പിനെ മറികടന്ന് മാലിന്യ പ്ലാന്റ് സ്ാപിക്കാൻ ശ്രമിക്കുന്നു. വർധിച്ചുവരുന്ന തെരുവ്നായശല്യം കുറയ്ക്കാൻ പ്രഖ്യാപിച്ച എബിസി പദ്ധതി ഒട്ടും കാര്യക്ഷമമല്ല. നഗരസഭയിലെ ഭവനരഹിതർക്ക് വീടും സ്ഥലവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മസേന എന്നീ പ്രവർത്തന മേഘലകളിലും വലിയ ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.
പൂച്ചട്ടിയുടെയും വർണങ്ങളുടെയും പേരിൽ പത്തുവർഷം തള്ളിനീക്കിയ ജനവിരുദ്ധ ഭരണസമിതി ഉണർന്നു പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഈ സമരം നടത്തുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും.
യുഡിഎഫിന്റെ ഉന്നതരായ മറ്റ് നേതാക്കളും പങ്കെടുക്കുന്ന സമരപരിപാടിയിൽ മുഴുവൻ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകരും പങ്കെടുക്കും. കണ്‍വീനർ ബാബു പഴുപ്പത്തൂർ,
യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഷബീർ അഹമ്മദ്, നഗരസഭ കൗണ്‍സിലർ സി.കെ. ആരിഫ്, അഡ്വ. സതീഷ് പുതുക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.