വന്യമൃഗ ആക്രമണം: ടി. സിദ്ദിഖ് കത്ത് നൽകി
1545852
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: ജില്ലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ശാസ്ത്രീയ നടപടികൾ ആവശ്യപ്പട്ട് ടി. സിദ്ദിഖ് എംഎൽഎ വനം മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി. കഴിഞ്ഞ ദിവസം മേപ്പാടി പൂളക്കുന്നിൽ കാട്ടാന കൊലപ്പെടുത്തിയ അറുമുഖന്റെ ആശ്രിതർക്ക് 25 ലക്ഷം രൂപ സമാശ്വാധധനം നൽകണമെന്ന ആവശ്യവും കത്തിലുണ്ട്.
കാടും നാടും വേർതിരിക്കാതെ വന്യമൃഗാക്രമണങ്ങളിൽനിന്നു മനുഷ്യരെ രക്ഷിക്കാനാകില്ല. ജില്ലയിലെ വന്യമൃഗാക്രമണം തടയുന്നതിനുള്ള പദ്ധതികൾക്ക് കഴിഞ്ഞ ബജറ്റുകളിൽ പ്രത്യേകം തുക വകയിരുത്തിയിട്ടില്ല.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ പാക്കേജിലും വന്യജീവി പ്രതിരോധത്തിന് ഫണ്ടില്ല. ജനങ്ങളുടെ ജീവന് വിലയില്ലാത്ത അവസ്ഥ ഏറെ വേദനിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണ്. ഇതിന് സർക്കാർതലത്തിൽ പരിഹാരം ഉണ്ടാകണം.
പുലിയോ കടുവയോ കാട്ടാനയോ ജനവാസമേഖലകളിലെത്താത്ത ഒരു ദിവസം പോലും ജില്ലയിലില്ല. ഈ സാഹചര്യത്തിൽ കാടും നാടും വേർതിരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.