ലഹരിക്കെതിരേ ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
1545634
Saturday, April 26, 2025 6:02 AM IST
കൽപ്പറ്റ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി "നോക്ക് ഒൗട്ട് ഡ്രഗ്സ്’ എന്ന പേരിൽ ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. മേയ് രണ്ട് മുതൽ 15 വരെ ബ്ലോക്ക് തലത്തിൽ മത്സരങ്ങൾക്ക് തുടക്കമാകും. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളിൽ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉൾപ്പെടുത്തി ആകെ 32 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
കൽപ്പറ്റ ബ്ലോക്കിലെ മത്സരങ്ങൾ പൊഴുതനയിലും മാനന്തവാടിയിൽ തലപ്പുഴയിലും ബത്തേരിയിൽ മുനിസിപ്പൽ സ്റ്റേഡിയത്തിലും പനമരം ബ്ലോക്കിൽ നടവയലിലുമാണ് മത്സരങ്ങൾ. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വള്ളിയൂർക്കാവ് മൈതാനത്ത് നടക്കും.
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗണ്സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകളുടെ/ക്ലബ്ബുകളുടെ പേരുവിവരങ്ങൾ ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുഖേന സ്വീകരിക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകൾ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ 30ന് മുന്പായി അയച്ചു നൽകണം.
ഈ വീഡിയോയിൽ ടീമുകളുടെ/ക്ലബ്ബുകളുടെ വിവരങ്ങളും അവർ ലഹരിക്കെതിരേ നടത്തിയിട്ടുള്ള പരിപാടികളുടെ വിവരങ്ങളും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന "നോക്ക് ഒൗട്ട് ഡ്രഗ്സ്’ എന്ന കാന്പയിന്റെ കാര്യങ്ങളും പ്രതിപാദിക്കണം. വീഡിയോയുടെ ഉള്ളടക്കത്തിൽ വ്യത്യസ്തത പുലർത്താൻ ഭാരവാഹികൾ ശ്രദ്ധിക്കണം.
വയനാട് പോലീസ് സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലാ അഡി.എസ്പി ടി.എൻ. സജീവ് നോഡൽ ഓഫീസറായി കമ്മിറ്റി രൂപീകരിച്ചു.