ബത്തേരി - താളൂർ അന്തർ സംസ്ഥാന പാത നവീകരണം : ഗതാഗതം തിരിച്ചുവിട്ട റോഡ് തകർന്നു
1545308
Friday, April 25, 2025 5:57 AM IST
സുൽത്താൻ ബത്തേരി: ബത്തേരി താളൂർ അന്തർ സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് മാത്തൂർ പാലം പൊളിച്ച് പണിയുന്നതിനായി ഗതാഗതം തിരിച്ചുവിട്ട റോഡ് തകർന്ന് തരിപ്പണമായി. റോഡിന് ഉൾകൊള്ളാൻ കഴിയുന്നതിലുമധികം വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതാണ് കാരണം.
നെൻമേനി പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ പോകുന്ന വലിയവട്ടം തവനി മാടക്കര റോഡാണ് തകർന്നത്. കോളിയാടിക്കും മാടക്കരക്കും ഇടയിലുള്ള മാത്തൂർ പാലം കഴിഞ്ഞ ഫെബ്രുവരിയിലാണ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് പണിയാൻ തുടങ്ങിയത്. പാലം പൊളിച്ചതോടെ ഗതാഗതം വലിയവട്ടം തവനി വഴി മാടക്കരയിലെത്തിച്ചേരുന്ന വിധമാക്കി. എന്നാൽ ഈ റോഡ് വളരെ ഇടുങ്ങിയതും ഒരേ സമയം ഒന്നിലധികം വാഹനത്തിന് കടന്ന് പോകാൻ പറ്റാത്തതുമാണ്.
കോളിയാടിയിൽനിന്നാരംഭിക്കുന്ന റോഡ് ഏറിയ ഭാഗവും വയലിലൂടെയാണ് പോകുന്നത്. ഈ ഭാഗത്തെ റോഡിന്റെ രണ്ട് വശങ്ങളുമാണ് തകർന്നിരിക്കുന്നത്. ബദൽ പാലം നിർമിക്കാതെ വാഹനങ്ങൾ ദുർഘടമായ പാതയിലൂടെ വഴി തിരിച്ചുവിട്ടതിനെതിരേ തുടക്കത്തിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.
സ്വകാര്യ ബസുടമകൾ ഇതുവഴി ഗതാഗതം നടത്താൻ കഴിയുകയില്ലെന്ന് അറിയിച്ചിരുന്നു. താത്കാലിക പാലം നിർമിക്കാൻ നിലവിലുള്ള പാലത്തിന് സമീപം ആവശ്യത്തിന് സ്ഥല സൗകര്യമുണ്ടായിട്ടും അതൊന്നും ചെയ്യാതെയാണ് കോളിയാടിയിൽ നിന്നും വാഹനം വഴി തിരിച്ചുവിട്ടത്. ഇത് കാരണം കോളിയാടി മുതൽ മാത്തൂർ വരെയുള്ള ഭാഗത്തെ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
വാഹനങ്ങൾ വഴി തിരിച്ചുവിടുക വഴി അഞ്ച് കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടിവരികയാണ്. ബത്തേരി താളൂർ, അന്പലവയൽ റൂട്ടിൽ മാത്രമായി ഇരുപത്തിയെട്ട് കഐസ്ആർടിസി ബസുകളും എട്ട് സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു.
ഇവയ്ക്ക് പുറമേ അന്തർ സംസ്ഥാന സർവീസുകളായ കോയന്പത്തൂർ, ഗൂഡല്ലൂർ, അയ്യൻകൊല്ലി ബസുകളും അന്തർജില്ലാ സർവീസുകളായ തൃശൂർ, കോഴിക്കോട് ബസുകളും വഴിതിരിച്ചുവിട്ട ഈ ദുർഘടമായ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. ഇത്രയധികം ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഇതുവഴി പോകാൻ തുടങ്ങിയതോടെയാണ് റോഡ് പല ഭാഗത്തും ഇടിഞ്ഞ് താഴാൻ തുടങ്ങിയത്.
അന്തർ സംസ്ഥാന പാത വീതികൂട്ടി നവീകരണം പൂർത്തീകരിക്കുന്പോഴേക്കും ഇപ്പോൾ ഗതാഗതം വഴി തിരിച്ചുവിട്ട റോഡ് പൂർണമായും തകർന്ന് ഗതാഗതം സാധ്യമല്ലാത്തവിധമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടിഞ്ഞ റോഡിന്റെ ഇരു വശങ്ങളും അടിയന്തരമായി നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതവും നിലയ്ക്കുമെന്ന് യാത്രക്കാർ ഭയപ്പെടുന്നു.