ചീക്കല്ലൂർ സാഹിത്യോത്സവം നടത്തി
1545851
Sunday, April 27, 2025 5:32 AM IST
കണിയാന്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറി വാർഷികാഘോഷത്തിന്റെ ഭാഗമായി ചീക്കല്ലൂർ സാഹിത്യോത്സവം നടത്തി. വയൽ വയനാട് റിസോർട്ടിൽ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഗ്രാമോത്സവങ്ങൾ സമൂഹത്തിന്റെ ഉള്ളകങ്ങളിലേക്ക് മാനവികതയും മതേതര ബോധവും എത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദർശന ലൈബ്രറി പ്രസിഡന്റ് എം. ശിവൻപിള്ള അധ്യക്ഷത വഹിച്ചു. പി.സി. മജീദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ എഴുത്തുകാരായ ഹാരിസ് നെൻമേനി, ബാലൻ വേങ്ങര, സാദിർ തലപ്പുഴ, ജോസ് പാഴുക്കാരൻ, ഡോ.കെ.എസ്. പ്രേമൻ, ഡോ.ബാവ കെ. പാലുകുന്ന്, ബിജു പോൾ കാരക്കാമല, വാസുദേവൻ ചീക്കല്ലൂർ, അനിൽ കുറ്റിച്ചിറ, ഡോ.കെ.പി. നിതീഷ്കുമാർ, ഷാജി പുൽപ്പള്ളി, എം. ഗംഗാധരൻ എന്നിവർ കഥ, കവിത, നോവൽ, യാത്രാവിവരണം, പ്രാദേശിക ചരിത്രം, ഗോത്രജീവിതം എന്നീ മേഖലകൾ അധികരിച്ച് സംസാരിച്ചു.
കവിയരങ്ങിൽ ദാമോദരൻ ചീക്കല്ലൂർ, മുസ്തഫ ദ്വാരക, പ്രതീഷ് താനിയാട്, അതുൽ പൂതാടി, സിന്ധു ചെന്നലോട്, പ്രജീഷ ജയരാജ്, സജി വയനാട്, ലേഖ വയനാട്, ഹരി ശ്രീരാഗം, കെ.ജി. സരോജിനിയമ്മ, വമ്മേരി രാഘവൻ, ദിവ്യ രാംദാസ് എന്നിവർ പങ്കെടുത്തു.
ദർശന ലൈബ്രറി സെക്രട്ടറി പി. ബിജു സ്വാഗതവും സാഹിത്യോത്സവം കമ്മിറ്റി കണ്‍വീനർ ഷാജി പുൽപ്പള്ളി നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവർത്തകരായ ഇ. സുരേഷ് ബാബു, പി. അശോകൻ, ഉണ്ണിക്കൃഷ്ണൻ ചീക്കല്ലൂർ, സി.പി. സുകുമാരൻ, ടി.എസ്. സുരേഷ്, ഷീബ ജയൻ, കെ.ബി. ശ്രാവണ്‍ എന്നിവർ നേതൃത്വം നൽകി.