മണ്ണിനെ മനസിലാക്കിയുള്ള കൃഷിക്ക് കർഷകരെ സജ്ജരാക്കണമെന്ന് ആവശ്യം
1545319
Friday, April 25, 2025 6:00 AM IST
കൽപ്പറ്റ: മണ്ണിനെ അറിഞ്ഞുള്ള കൃഷിക്ക് കർഷകരെ സജ്ജരാക്കുന്നതിന് സർക്കാരും ബന്ധപ്പെട്ട ഏജൻസികളും നടപടികൾ സ്വീകരിക്കണമെന്ന് പുതുതായി രൂപീകരിച്ച കോഫി ഗ്രോവേഴ്സ് ആൻഡ് ബയോ ഡൈവേഴ്സിറ്റി കണ്‍സർവേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മണ്ണ് പരിശോധിക്കാതെ രാസവളം പ്രയോഗിക്കുന്പോൾ കാപ്പിയും കുരുമുളകും ഉൾപ്പെടെ ചെടികളിൽ ഇലകൾ വാടും. ഇത് രോഗമെന്ന് തെറ്റിദ്ധരിച്ച് കർഷകർ കീടനാശിനിയും കുമിൾനാശിനിയും പ്രയോഗിക്കും. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളും മിത്രകീടങ്ങളും മറ്റു ജീവജാലങ്ങളും ചത്തൊടുങ്ങുന്നതിനും ജലവും വായുവും മലിനമാകുന്നതിനും കാരണമാകുമെന്ന് സംഘടന വ്യക്തമാക്കി.
2023-24ൽ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 3,379 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളിൽ കൂടുതലും വയനാട്ടിലാണെന്നാണ് 2022ൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് ലഭ്യമാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
കോഫി ബോർഡിന്റെ കണക്കനുസരിച്ച് 59,972 കാപ്പിക്കൃഷിക്കാരുണ്ട്. 1,68,565 ഏക്കറിലാണ് ഇത്രയും പേർ കാപ്പി കൃഷിയ്യുന്നത്. ജില്ലയിൽ 96,500 ഏക്കറിലായിരുന്ന നെൽക്കൃഷി 15,000 ഏക്കറായി കുറഞ്ഞിരിക്കയാണ്.
ജില്ലയിലെ മൂന്നു താലൂക്കുകളിലും മണ്ണ് പരിശോധനയ്ക്ക് ആധുനിക ലാബുകൾ സജ്ജമാക്കണം. പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം മണ്ണിൽ രാസവളം പ്രയോഗിക്കണം. പരിശോധനയ്ക്ക് മണ്ണ് ശേഖരിക്കുന്ന ശാസ്ത്രീയ രീതി കർഷകരെ അഭ്യസിപ്പിക്കണം. ഫീൽഡിൽ പ്രവർത്തിക്കാൻ സന്നദ്ധരായ ഉദ്യോഗസ്ഥരെ കൃഷിഭവനുകളിൽ നിയമിക്കണം.
ഒരു ഏക്കറിന് രണ്ടുവീതം തേനീച്ചപ്പെട്ടികൾ കാപ്പി കർഷകർക്ക് നൽകാൻ കോഫി ബോർഡ് നടപടി സ്വീകരിക്കണം. കൃഷിഭവനുകളിൽനിന്നു രാസകീടനാശിനികൾക്ക് പകരം ജൈവ കീടനാശനികൾ കർഷകർക്ക് നൽകണം.
മണ്ണിൽ ഓർഗാനിക് കാർബണ്‍ വർധിപ്പിക്കുന്നതിന് ജൈവ കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിനും ജലസേചന സൗകര്യം ഒരുക്കുന്നതിനും ത്രിതല പഞ്ചായത്തുകൾ ബജറ്റിൽ തുക വകയിരുത്തണം. മണ്ണുപരിശോധനയുമായി സഹകരിക്കാത്ത കർഷകർക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന തീരുമാനം സർക്കാർതലത്തിൽ ഉണ്ടാകണം.
ഇക്കാര്യങ്ങളിൽ കൃഷി വകുപ്പിനും കോഫി ബോർഡിനും നിവേദനം നൽകുമെന്നു കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ടി.സി. ജോസഫ്, വൈസ് പ്രസിഡന്റ് സെലിൻ മാനുവൽ, സെക്രട്ടറി കെ. മനോജ്കുമാർ, ജോയിന്റ് സെക്രട്ടറി പി.ഡി. ദാസൻ, ട്രഷറർ കെ.എൻ. ദേവേഷ്കുമാർ എന്നിവർ പങ്കെടുത്തു.