"നിങ്ങളുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ’
1545633
Saturday, April 26, 2025 6:02 AM IST
സുൽത്താൻ ബത്തേരി: തൊണ്ണൂറുകളെ അവസാനത്തോടെ കേരളത്തിന്റെ ഗ്രാമ നഗരങ്ങളിൽ നിന്ന് അപ്രത്യക്ഷമായ ഒന്നാണ് സിനിമ വിവരങ്ങളുടെ അനൗണ്‍സ്മെന്റ് രീതി. സോഷ്യൽമീഡിയയുടെ കടന്നുവരവോടെ നഗര ഗ്രാമങ്ങളിൽ നിന്ന് നാടുനീങ്ങിയ ഒന്നാണ് സിനിമ റിലീസ്, എത്രആഴ്ചയായി പ്രദർശനം തുടങ്ങി എന്നതടക്കം അറിയിക്കുന്ന വാഹനങ്ങളിലെ അനൗണ്‍സ്മെന്റ്. ഇക്കാലത്ത് പുതിയ സിനിമ റിലീസുകൾ അറിയിക്കാൻ ഇപ്പോൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളാണ് എല്ലാവരും ഉപയോഗിക്കുന്നത്.
എന്നാൽ ആ പഴയകാല രീതിയിൽ ഇപ്പോൾ അനൗണ്‍സ്മെന്റ് നടത്തുകയാണ് സുൽത്താൻ ബത്തേരിയിൽ മിന്റ് സിനിമാസ്. മോഹൻലാലും ശോഭനയും നായിക നായകൻമാരായെത്തുന്നതും നാളെ റിലീസാകുന്നതുമായ തുടരും സിനിമയുടെ വിവരമാണ് ജീപ്പിലൂടെ മൈക്ക് കെട്ടി അനൗണ്‍സ്മെന്റ് നടത്തിയത്.
ബത്തരി താലൂക്കിലെ ഗ്രാമഗ്രാമന്തരങ്ങളിലൂടെയാണ് റിലീസ് അറിയിപ്പുമായി അനൗണ്‍സ്മെന്റ് ജീപ്പ് ഓടിയത്. നാടകനടനും അനൗണ്സ്മെന്ററുമായ ആണ്ടൂർ ബാലകൃഷ്ണനാണ് തുടരും സിനിമയുടെ വിവരങ്ങൾ മൈക്കിലൂടെ ജനത്തെ വിളിച്ചറിയളച്ച് പഴയകാല ഓർമ്മകളിലേക്ക് ആളുകളെ കൂട്ടികൊണ്ടുപോയത്.
മുൻകാലങ്ങളിൽ സിനിമ റിലീസ് വിവരങ്ങളും രണ്ടും മൂന്നും നാലുംവാരങ്ങൾ ഓടുന്ന സിനിമയുടെ വിവരങ്ങൾ ഇ്ത്തരത്തിൽ അറിയിക്കാറുണ്ടായിരുന്നുവെന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തൽ കൂടിയാണ് ഇതെന്ന് മിന്റ് സിനിമാസ് എം.ഡി. മാത്യുസെബാസ്റ്റ്യൻ പറഞ്ഞു. ഗ്രാമങ്ങളിലൂടെ സിനിമ അനൗണ്‍സ്മെന്റുമായി ജീപ്പെത്തിയത് പുതുതലമുറയിലെ കുട്ടികൾക്ക് കൗതുകമായപ്പോൾ പഴയതലമുറയ്ക്ക് അതൊരു ഗൃഹാതുരത്വം കൂടിയാണ് സമ്മാനിച്ചത്.