കെ സ്മാർട്ട്: സെമിനാർ നടത്തി
1545636
Saturday, April 26, 2025 6:02 AM IST
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് കെ-സ്മാർട്ട് പോലുള്ള ഭരണപരിഷ്കാരങ്ങളെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. എന്റെ കേരളം മേളയുടെ ഭാഗമായി "കെ സ്മാർട്ട്: സ്മാർട്ടാകുന്ന കേരളം’ എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഇന്ത്യക്ക് വഴികാട്ടിയായി കേരളം മുന്നേറുകയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി.കെ. അജീഷ് പറഞ്ഞു.
"തദ്ദേശ സ്ഥാപനങ്ങളും ഇ ഗവേണൻസും’ "കെ സ്മാർട്ടും സേവനങ്ങളും’ എന്നീ വിഷയങ്ങൾ യഥാക്രമം തദ്ദേശ സ്വയം ഭരണ ഡെപ്യൂട്ടി ഡയറക്ടർ സജി തോമസ്, സീനിയർ സൂപ്രണ്ട് കെ. ശ്രീജിത്ത് എന്നിവർ അവതരിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ടൗണ്‍ പ്ലാനർ എൽ.ജെ. റെനി ,ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് എന്നിവർ പ്രസംഗിച്ചു. 600 ഓളം പേർ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓണ്‍ലൈനിൽ ലഭ്യമാകുന്ന സംസ്ഥാനാവിഷ്കൃത പദ്ധതിയാണ് കെ സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്.
കേരളത്തിലെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യഘട്ടത്തിൽ കെ സ്മാർട്ട് നടപ്പാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ കെ സ്മാർട്ട് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കി. കെ സ്മാർട്ട് ലോഗിൻ ചെയ്യുന്ന പൊതുജനങ്ങൾക്ക് മാത്രമേ തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാൻ കഴിയൂ.