നന്പ്യാർകുന്നിൽ പുലി ആടിനെ കൊന്നു
1545315
Friday, April 25, 2025 5:57 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ നന്പ്യാർകുന്നിൽ പുലി ആടിനെ കൊന്നു. കിളിയന്പ്രയിൽ ജോയിയുടെ ആടാണ് ചത്തത്. ബുധനാഴ്ച രാത്രി വൈകിയണ് സംഭവം. ആട്ടിൻകൂട്ടിൽനിന്നുള്ള ബഹളം കേട്ട് ഉണർന്ന വീട്ടുകാർ ഒച്ചയിട്ടപ്പോൾ പുലി ഓടിമറഞ്ഞു. നന്പ്യാർകുന്നിന് അടുത്തുള്ള വെള്ളച്ചാലിൽ ഒപ്പമറ്റം റെജിയുടെ പശുവിനെ കഴിഞ്ഞ ദിവസം പുലി ആക്രമിച്ചിരുന്നു.
പുലിശല്യം; നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്
ചീരാൽ : ചീരാൽ നന്പ്യാർകുന്ന് മേഖലയിൽ പുലി ശല്യം വർധിച്ചിട്ടും പുലിയെ കൂട്വച്ച് പിടികൂടുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ വനം വകുപ്പിനെതിരേ പ്രദേശവാസികൾ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്.
ആടിനെ പുലി പിടിച്ചിട്ടും വാഹനമില്ലെന്ന് പറഞ്ഞ് സ്ഥലത്തെത്താൻ വൈകിയത് വനം വകുപ്പിനെതിരേ നാട്ടുകാരുടെ രോഷം ആളിക്കത്തി. മേപ്പാടി റേഞ്ചിന് കീഴിലാണ് പുലിയെ കണ്ടെത്തിയ മേഖല.
പുലിയെ എത്രയും വേഗം കൂട്വച്ച് പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. അതേ സമയം പുലിയെ കണ്ട മേഖലയിൽ ഇന്നലെ മുതൽ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു.