കുരിശുമല കയറ്റവും പുതുഞായർ ആഘോഷവും
1545310
Friday, April 25, 2025 5:57 AM IST
പുൽപ്പള്ളി: വയനാടിന്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ശിശുമലയിൽ 55-ാമത് കുരിശുമലകയറ്റവും പുതുഞായർ ആഘോഷവും മലയടിവാരത്ത് പുതുതായി നിർമിച്ച വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള കപ്പേളയുടെ വെഞ്ചിരിപ്പും 25, 26, 27 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 7.30ന് കുരിശിന്റെ വഴി, എട്ടിന് വികാരി ഫാ. ബിജു മാവറ കുരിശുമലയിൽ തിരുനാളിന് കൊടി ഉയർത്തും.
8.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കരുണ കൊന്ത, 4.45ന് മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കലിന്റെ കാർമികത്വത്തിൽ കപ്പേളയുടെ വെഞ്ചിരിപ്പും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവുമുണ്ടാകും. തുടർന്ന് ഇസ്രായേൽ ഫ്രണ്ട്സ് ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടാകും.
നാളെ വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, അഞ്ചിന് മലമുകളിൽ വിശുദ്ധ കുർബാന, ഞായറാഴ്ച രാവിലെ 6.45ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസിന്റെ കാർമികത്വത്തിൽ ആഘോഷമായ കുർബാന, ഒന്‍പതിന് മലയടിവാരത്തുനിന്നും ആഘോഷമായ കുരിശിന്റെവഴി, പത്തിന് മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും. രാവിലെ 8.30 മുതൽ കുരിശുമല കയറുന്ന എല്ലാ ഭക്തജനങ്ങൾക്കും നേർച്ച ഭക്ഷണവുമുണ്ടാകും.
തിരുനാൾ ദിവസങ്ങളിൽ കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. മലകയറാനെത്തുന്നവർക്കാവശ്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യസഹായം, വിശ്രമസൗകര്യം തുടങ്ങിയവ ക്രമീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. വികാരി ഫാ. ബിജു മാവറ, തങ്കച്ചൻ അമരിക്കാട്ട്, ആന്‍േറാ കാക്കോനാൽ, രാജു പുതുപ്പറന്പിൽ, സണ്ണി മുട്ടത്ത്, ബിനോയി ഓലിക്കര, ബിനോയി മുട്ടനോലിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.