കൽപ്പറ്റ ബൈപാസ്: പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1545854
Sunday, April 27, 2025 5:38 AM IST
കൽപ്പറ്റ: ബൈപാസിൽ ലിയോ ആശുപത്രിക്ക് സമീപം സ്ഥലത്ത് മണ്ണെടുത്തതിനെത്തുടർന്നു കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് കിണറുകൾ മലിനമായെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
പ്രദേശവാസി സി. പി. ഉണ്ണിക്കൃഷ്ണന്റെ പരാതിയിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മീഷൻ നിർദേശം. പരാതിയിൽ കമ്മീഷൻ കിഫ്ബി എക്സിക്യുട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് തേടിയിരുന്നു.
മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് പരാതിയെന്ന് എക്സിക്യുട്ടീവ് എൻജിനിയർ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാർ കന്പനിയെ പരാതികളെത്തുടർന്ന് നീക്കം ചെയ്തു. പുതിയ കന്പനി പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്.
കിണർ വെള്ളം മലിനമാകുന്നുവെന്ന് പരാതി പരിഹരിക്കുമെന്നും എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പരാതി തീർപ്പാക്കി.