റോഡുകൾ കൂട്ടിമുട്ടിക്കാൻ ബിരിയാണി ചലഞ്ചുമായി ആർമാട് നിവാസികൾ
1545037
Thursday, April 24, 2025 5:40 AM IST
സുൽത്താൻ ബത്തേരി: റോഡുകൾ കൂട്ടിമുട്ടിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിന് ബിരിയാണി ചലഞ്ചുമായി നഗരസഭയിലെ ആർമാട് നിവാസികൾ. വയലിന്റെ രണ്ട് കരകളിൽ എത്തിനിൽക്കുന്ന കുണ്ടാട്ടിൽ അഹമ്മദ് ഹാജി റോഡും കുപ്പാടി പോസ്റ്റ് ഓഫീസിനടുത്തുനിന്നു മോസ്കിനു സമീപത്തുകൂടിയുള്ള റോഡും കൂട്ടിമുട്ടിക്കുന്നതിന് ഒന്‍പത് സെന്റ് ഭൂമികൂടി വേണം. ഇതു വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
ഡിവിഷൻ കൗണ്‍സിലർ പി. സംഷാദിനെ നേതൃത്വത്തിലായിരുന്നു ഇതിന് ഒരുക്കം. പ്രദേശവാസികൾ കൗണ്‍സിലറുടെ വീട്ടിൽ ഒത്തുകൂടിയാണ് ബിരിയാണി തയാറാക്കിയത്. ചലഞ്ചുമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സഹകരിച്ചു. റോഡുകൾ ബന്ധിപ്പിക്കുന്നത് നിരവധി കുടുംബങ്ങൾക്ക് ഗുണം ചെയ്യും. ആർമാടിൽനിന്നു ചുറ്റിവളഞ്ഞ് നഗരത്തിൽ എത്തേണ്ട സാഹചര്യം ഒഴിവാകും.