അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലുള്ള സ്ഥലം മാറ്റം സത്യസന്ധരായ ജീവനക്കാരോടുള്ള വെല്ലുവിളി: എൻ.ഡി. അപ്പച്ചൻ
1545033
Thursday, April 24, 2025 5:37 AM IST
കൽപ്പറ്റ: അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ എൻജിഒ അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ.ടി. ഷാജിയെ സ്ഥലം മാറ്റിയ നടപടി സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഷാജി ജോലി ചെയ്യാനെത്തിയിട്ട് ആറുമാസമാകുന്നതേയുള്ളു. സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന മേളയുടെ ഭാഗമായി ലക്ഷങ്ങളാണ് പ്രസ്തുത ഓഫീസിന് അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് തിടുക്കപ്പെട്ട് ഷാജിയെ സ്ഥലം മാറ്റാനുണ്ടായ കാരണം. ഇത്തരം സ്ഥലംമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
സർക്കാരിന്റെ പ്രമോഷൻ വീഡിയോ വാട്സ് ആപ്പ് സ്റ്റാറ്റസിട്ടില്ലെന്നതാണ് ഷാജിക്കെതിരെയുള്ള മറ്റൊരു കുറ്റമായി പറയുന്നത്. സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്ക് നേരേയുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണിത്.
വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധത്തിലേക്ക് കോണ്ഗ്രസ് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.