മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ് വിളവെടുക്കണം: കാർഷിക സെമിനാർ
1545026
Thursday, April 24, 2025 5:37 AM IST
ജില്ലയിൽ 30ൽ അധികം സ്ഥലങ്ങളിൽ മണ്ണിന്റെ പിഎച്ച് മൂല്യം അഞ്ചിൽ താഴെ
കൽപ്പറ്റ: മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ് വിളവെടുക്കലാണ് കൃഷിയിലെ എക്കാലത്തെയും വലിയ പാഠമെന്ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കൃഷി വകുപ്പ് "കാപ്പി, കുരുമുളക് ശാസ്ത്രീയ കൃഷി; പരിപാലന മുറകൾ’എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
മണ്ണിന്റെ ഗുണനിലവാരവും വളക്കൂറും പോഷക മൂലകങ്ങൾ മനസിലാക്കിയുള്ള കൃഷിരീതികളും നിർബന്ധമാണ്. കാലാവസ്ഥാവ്യതിയാനം കാപ്പി, കുരുമുളക് കൃഷികളെ ബാധിച്ചു. ഇത് പ്രതിരോധിക്കാൻ കൃഷിയിൽ ശാസ്ത്രീയ പരിപാലന മുറകൾ ആവശ്യമാണ്. സമ്മിശ്ര ബഹുനിലകൃഷി, പുതയിടൽ, കോണ്ടൂർ കൃഷിരീതി, ജൈവ മതിൽ, ചകിരി കുഴികൾ, ഓട എന്നിവ കാപ്പി, കുരുമുളക് പരിപാലനത്തിന് അനിവാര്യമാണ്.
വായു, ജലം, മൂലകങ്ങൾ, ജൈവാംശം, സൂക്ഷ്മ ജീവികൾ എന്നിവയുടെ സന്തുലിതാവസ്ഥ ശാസ്ത്രീയ പരിപാലന മുറയ്ക്ക് വേണം. മണ്ണിന്റെ ആരോഗ്യമറിയാൻ മണ്ണ് പരിശോധന നടത്തണം. ശാസ്ത്രീയ പരിശോധനയിലൂടെ മണ്ണിന്റെ ഘടന മനസിലാക്കി കാപ്പിയും കുരുമുളകും കൃഷി ചെയ്യണം.
ജില്ലയിൽ 30ൽ അധികം സ്ഥലങ്ങളിൽ മണ്ണിന്റെ പിഎച്ച് മൂല്യം അഞ്ചിൽ താഴെയാണ്. കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് മണ്ണിന് ആറിൽ കൂടുതൽ പിഎച്ച് മൂല്യം. ഇതുമൂലം കാപ്പി, കുരുമുളക് ചെടികളിൽ ദ്രുതവാട്ടം കൂടുതലാണ്. ഒരു ചെടിയിൽ ഒരിക്കൽ ദ്രുതവാട്ടം സംഭവിച്ചാൽ അതിനോടു ചേർന്നു നിൽക്കുന്ന എല്ലാം ചെടികളിലും രോഗ സാധ്യത വർധിക്കും.
ഒരു തവണ വിളനാശം സംഭവിച്ചാൽ ആ വിളയുടെ എല്ലാ ഭാഗവും നശിപ്പിച്ചശേഷം ഒരുവർഷം കഴിഞ്ഞ് വീണ്ടും അതേസ്ഥലത്ത് കൃഷിയിറക്കാമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖപ്രഭാഷണം നടത്തി.
കൃഷി റിട്ട.ജോയിന്റ് ഡയറക്ടർ പി. വിക്രമൻ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ആത്മ പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ(എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ്) കെ. ഷീബ ജോർജ് എന്നിവർ പ്രസംഗിച്ചു.