ബത്തേരി ടൗണിൽ കാട്ടുകൊന്പന്റെ പരാക്രമം
1545035
Thursday, April 24, 2025 5:37 AM IST
സുൽത്താൻ ബത്തേരി: നഗരത്തിൽ കാട്ടുകൊന്പന്റെ പരാക്രമം. ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഇറങ്ങിയ ആന കാരാപ്പുഴ ക്വാർട്ടേഴ്സിന്റെയും സമീപത്തെ വീടിന്റെയും ചുറ്റുമതിൽ തകർത്തു. കൃഷികൾ നശിപ്പിച്ചു.
പുൽപ്പള്ളി റോഡിൽ ഏറെ നേരം തങ്ങിയ കൊന്പൻ യാത്രക്കാർക്കും ഭീഷണിയായി. പിന്നിലെ മതിൽ തകർത്ത് കാരാപ്പുഴ ക്വാർട്ടേഴ്സ് വളപ്പിലൂടെ എത്തിയ കാട്ടാന പുൽപ്പള്ളി റോഡിന് സമീപം ക്വാട്ടേഴ്സിന്റെ മുന്നിലെ മതിലും തകർത്തു.
പ്രദേശത്തെ വാമദേവൻ കലാലയയുടെ വീടിന്റെ ചുറ്റുമതിലാണ് ആന തകർത്തത്. ഇതിനടുത്ത് ജോയി, ജോഷി എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴയും കാപ്പിയും അടക്കം കൃഷികളാണ് നശിപ്പിച്ചത്. മണിക്കൂറിലധികമാണ് പുൽപ്പള്ളി റോഡിൽ ആന നിലയുറപ്പിച്ചത്. വനം ആർആർ ടീം എത്തിയാണ് ആനയെ കാടുകയറ്റിയത്.
മുന്പും ഈ ഭാഗത്ത് കാട്ടാന ഇറങ്ങിയിട്ടുണ്ട്. കാട്ടാനകൾ നഗരപരിധിയിൽ ഇറങ്ങുന്നതു തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് വനം അധികാരികളോട് ആവശ്യപ്പെട്ടു.
പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും നാശനഷ്ടങ്ങൾക്ക് പരിഹാരധനം നൽകുമെന്നും വൈൽഡ് ലൈഫ് വാർഡൻ മുനിസിപ്പൽ ചെയർമാനെ അറിയിച്ചു.