ഫിലിം ക്രിട്ടിക്സ് അവാർഡ് തിളക്കത്തിൽ മെലിസ ജിതിൻ
1545034
Thursday, April 24, 2025 5:37 AM IST
സുൽത്താൻ ബത്തേരി: ഫിലിം ക്രിട്ടിക്സ് അവാർഡ് തിളക്കത്തിൽ കുപ്പാടി സ്വദേശിനി മെലിസ ജിതിൻ. "കലാം സ്റ്റാൻഡേർഡ് 5 ബി’ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് മെലിസയെ അർഹയാക്കിയത്.
ഇത് സന്തോഷനഗരമെന്നു അറിയപ്പെടുന്ന ബത്തേരിക്ക് മറ്റൊരു സന്തോഷമായി. മധ്യപ്രദേശിലെ ദേവാസിലെ സെൻട്രൽ ഇന്ത്യൻ അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മെലിസ അപ്രതീക്ഷിതമായാണ് ചലച്ചിത്രലോകത്ത് എത്തിയത്.
മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടിക്കിടെയാണ് കലാം സിനിമയുടെ സംവിധായകൻ മെലിസയെ കാണാൻ ഇടയായതും സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചതും.
ദേവാസിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മൂവി കാമറയ്ക്ക് മുന്നിൽ കന്നിക്കാരിയെങ്കിലും അതിന്റെ പരിഭ്രമം ഇല്ലാതെയായിരുന്നു മെലിസയുടെ അഭിനയം.
നിരവധി അന്തർദേശീയ അവാർഡുകളും സിനിമയ്ക്ക് ലഭിച്ചിരുന്നു. കുപ്പാടി ഞാറ്റുകാലയിൽ പത്രോസിന്റെ മകനും ദേവാസ് ബാങ്ക് നോട്ട് പ്രസ്ഡെപ്യൂട്ടി മാനേജരുമായ ജിതിൻ പീറ്ററാണ് മെലിസയുടെ പിതാവ്. റ്റിറ്റിയാണ് അമ്മ. ഒന്നാം ക്ലാസ് വിദ്യാർഥി എയ്ഡൻ സഹോദരനാണ്.
സമകാലീന ഇന്ത്യയിലെ പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നതാണ് "കലാം സ്റ്റാൻഡേർഡ് 5 ബി’.
ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിയ മലയാളി അലി തന്റെ മക്കളിലൂടെ സ്വന്തം നാടിന്റെ മത സാഹോദര്യവും പാരന്പര്യവും പിന്തുടരാൻ ശ്രമിക്കുന്നതും പൗരത്വ നിയമ ഭേദഗതിയെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
എയ്ഞ്ചലോ ക്രിസ്റ്റ്യനോയാണ് ചിത്രത്തിൽ ആണ്കുട്ടിയായി അഭിനയിച്ചത്. ആൻമരിയ പ്രൊഡക്ഷൻസിനും ലാൽജി ക്രിയേഷനും വേണ്ടി ടോം ജേക്കബാണ് ചിത്രം നിർമിച്ചത്. ലിജു മിത്രൻ മാത്യുവാണ് സംവിധായകൻ.