പുൽപ്പള്ളിയിൽ എക്സൈസ് ഓഫീസ് അനുവദിക്കണം: എൻഎസ്എസ്
1545031
Thursday, April 24, 2025 5:37 AM IST
പുൽപ്പള്ളി: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും വിൽപനയും തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പാടിച്ചിറ സരസ്വതി വിലാസം എൻഎസ്എസ് കരയോഗം ആവശ്യപ്പെട്ടു.
മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കബനി കടന്നു വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളാണ് പുൽപ്പള്ളി മേഖലയിൽ വിപണനം നടത്തുന്നത്. വിദ്യാർഥികളും യുവാക്കളും അടക്കം ലഹരിക്ക് അടിമകളാകുന്ന സ്ഥിതി വിശേഷമാണ്.
സമൂഹത്തെ കാർന്നുതിന്നുന്നതും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ മയക്കുമരുന്നിന്റെ വിൽപനയും ഉപയോഗവും തടയാനാവശ്യമായ സംവിധാനങ്ങൾ നിലവിൽ ഇല്ല. ബത്തേരിയിൽ നിന്നോ മീനങ്ങാടിയിൽ നിന്നോ എത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരെകൊണ്ടു മാത്രം ലഹരിക്കടത്ത് തടയാൻ സാധിക്കില്ല.
മാത്രവുമല്ല സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെയുള്ള ലഹരിക്കടത്തുകാരെ പരിശോധിക്കാൻ സ്കാനർ അടക്കമുള്ള നൂതന സംവിധാനങ്ങൾ ഇല്ല. ഉദ്യോഗസ്ഥരുടെ കുറവും ലഹരിക്കടത്തുകാർക്ക് അനുഗ്രഹമാണ്.
അതിനാൽ പുൽപ്പള്ളിയിൽ എക്സൈസ് ഓഫീസും മരക്കടവിൽ ശക്തമായ നിരീക്ഷണ സംവിധാനവും ഉദ്യോഗസ്ഥർക്ക് ആവശ്യമായ സ്കാനർ അടക്കമുള്ള ആധുനിക ഉപകരണങ്ങളും നൽകി ലഹരിക്കടത്തു ഫലപ്രദമായി തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കരയോഗം ആവശ്യപ്പെട്ടു.
വിജയൻ മാടോലിൽ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ, രാജൻ പാറയ്ക്കൽ, രവീന്ദ്രൻ പുതുകുളങ്ങര, രാഘവൻ പിള്ള ചെറുപുഷ്പം, പ്രസാദ് എറോത്ത്, ചന്ദ്രിക പാറയ്ക്കൽ, ബിന്ദു കൈപ്പള്ളിൽ, വത്സ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.