മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ അവസരം ലഭിച്ചില്ലെന്ന് ചലച്ചിത്രകാരൻ
1545036
Thursday, April 24, 2025 5:40 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വിളിച്ച ജില്ലാതല യോഗത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ അവസരം ലഭിച്ചില്ലെന്ന് ചലച്ചിത്രകാരൻ.
വയനാട്ടിലെ സ്വർണ ഖനന ചരിത്രം പ്രമേയമാക്കിയുള്ള "തരിയോട്’ എന്ന ഡോക്യുമെന്ററിയിലൂടെ 2021ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്സിൽ മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാമിനു പുരസ്കാരം നേടിയ നിർമൽ ബേബി വർഗീസ് ഉന്നയിച്ചതാണ് ഈ ആരോപണം. ഡോക്യുമെന്ററി-സിനിമാ പ്രവർത്തകൻ എന്ന നിലയിൽ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രിയോട് പറയാനുള്ളത് ഉള്ളിൽ ഒതുക്കേണ്ടിവന്നുവെന്ന് നിർമൽ ബേബി പറഞ്ഞു.
മുൻകൂട്ടി തയാറാക്കിയ പ്രത്യേക പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രം വിളിച്ചാണ് യോഗത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞതെന്ന വിമർശനം അദ്ദേഹവും ഉയർത്തുന്നുണ്ട്. സംഘാടകർ തയാറാക്കിയ പ്രത്യേക പട്ടികയിൽ ഉൾപ്പെട്ടവരിൽ ആരും സിനിമാമേഖയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചില്ലെന്നു നിർമൽ ബേബി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നിരവധി കാര്യങ്ങൾ മനസിൽ കുറിച്ചാണ് യോഗത്തിനെത്തിയത്. ’തരിയോട്’ ഡോക്യുമെന്ററി നിർമാണത്തിന് 12,000 രൂപയാണ് ചെലവായത്. എന്നാൽ ഡോക്യുമെന്ററി സ്റ്റേറ്റ് അവാർഡിന് സമർപ്പിക്കാൻ 16,000ത്തിൽ അധികം രൂപ വേണ്ടിവന്നു.
ഇത്തരം സാഹചര്യം ഒഴിവാകുന്നതിന് ഇടപെടണമെന്ന് മുഖ്യമന്ത്രിയോടു പറയാൻ ആഗ്രഹിച്ചിരുന്നു. സെൻസർ ചെയ്ത സൃഷ്ടിയാണ് സംസ്ഥാന അവാർഡിന് അയയ്ക്കേണ്ടത്. ചലച്ചിത്ര മേഖലയിൽ പുതുതായി വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സെൻസറിംഗ് പ്രയാസകരമാണ്. ഏജന്റ് മുഖേനയാണ് സെൻസറിംഗ് പൂർത്തിയാക്കാനായത്. അതിന് 15,000 രൂപ ഫീസ് നൽകി.
അവാർഡ് സബ്മിഷൻ ഫീസായി 1,000 രൂപ അടച്ചു. സ്റ്റേറ്റ് അവാർഡ്സിൽ ഡോക്യുമെന്ററികൾക്കും ഷോർട് ഫിലിമിനും സെൻസർഷിപ് നിർബന്ധമാക്കരുത്. ഡോക്യുമെന്ററികൾക്കും ഷോർട് ഫിലിമുകൾക്കുമുള്ള സംസ്ഥാന അവാർഡ് ടെലിവിഷൻ അവാർഡ്സിൽ നിന്നു മാറ്റി ചലച്ചിത്ര പുരസ്കാരത്തിന്റെ ഭാഗമാക്കണം.
ഏതാനും വർഷങ്ങൾ മുന്പുവരെ ഡോക്യുമെന്ററികൾ ചലച്ചിത്രങ്ങൾക്കൊപ്പമാണ് പുരസ്കാരത്തിനു പരിഗണിച്ചിരുന്നത്. ചെറിയ ചെലവിൽ തയാറാക്കുന്നതാണ് ഇന്റർനാഷണൽ ഡൊക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ(ഐഡിഎസ്എഫ്എഫ്കെ)സമർപ്പിക്കുന്നതിൽ അധികവും.
വലിയ ബജറ്റിൽ ഫീച്ചർ സിനിമകൾ നിർമിക്കുന്നവർക്ക് ഐഎഫ്എഫ്കെയിൽ സൗജന്യ പ്രവേശനം നൽകുന്പോൾ ഐഡിഎസ്എഫ്എഫ്കെയിൽ ചിത്രങ്ങൾ സമർപ്പിക്കുന്നതിന് നിർമാതാവിൽനിന്നു 1,000 രൂപ ഫീസ് വാങ്ങുന്നതിൽ അനൗചിത്യമുണ്ട്. ചെലവ് കുറച്ച് നിർമിച്ച ഫീച്ചർ ഫിലിം അവാർഡിന് അയയ്ക്കുന്നതിനും ഭാരിച്ച ചെലവ് വരികയാണ്. ഏജന്റ് മുഖേന സെൻസറിംഗിന് ചിത്രം സമർപ്പിക്കുന്നതിന് 75,000 രൂപ വേണം.
ഏജന്റ് ഇല്ലാതെ നേരിട്ട് സമർപ്പിക്കുന്നതിന് സെൻസർ ഫീസിനുപുറമേ ക്യൂബ് അപ്ലോഡിംഗ്/ഡിസിപി കണ്വർഷൻ ചാർജ്, തിയേറ്റർ സ്ക്രീനിംഗ് റെന്റ് എന്നിവ നൽകണം. സാങ്കേതിക മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഫിലിം അവാർഡ്സിനുള്ള സമർപ്പണ നടപടിക്രമങ്ങൾ ലളിതമാക്കാവുന്നതാണ്.
സംസ്ഥാന അവാർഡുകളിലും ഐഎഫ്എഫ്കെയിലും പുരസ്കാരങ്ങൾ നേടുന്ന ചെറിയ ബജറ്റ് ചിത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ വഴി സൗജന്യമായി റിലീസ് ചെയ്യണം. ഇത് സ്വതന്ത്ര സിനിമാ പ്രവർത്തകർക്ക് പ്രോത്സാഹനമാകണം. സംസ്ഥാന ഫിലിം ഡെവലപ്മന്റ് കോർപറേഷനു കീഴിൽ വയനാട്ടിൽ ഒരു തിയേറ്റർ എങ്കിലും സ്ഥാപിക്കണമെന്നും നിർമൽ ബേബി പറഞ്ഞു.