മാത്തൂർ പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന്
1544714
Wednesday, April 23, 2025 5:27 AM IST
ചീരാൽ: കോളിയാടി-മാടക്കര റോഡിലെ മാത്തൂർ പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.
പാലം പണിയുടെ ഭാഗമായി റോഡിൽ മാസങ്ങൾ മുന്പ് ബാധകമാക്കിയ ഗതാഗത നിരോധനം തുടരുകയാണ്. ദുർഘട വഴികളിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ ഓടുന്നത്. മാത്തൂർ പാലം ഒഴിവാക്കി തവനി, ചീരാൽ, മഞ്ഞക്കുന്ന്, മാടക്കര എന്നിവിടങ്ങളിലേക്കു യാത്രയ്ക്ക് ആളുകൾ ആശ്രയിക്കുന്ന റോഡുകൾ തകർന്നുകിടക്കുകയാണ്.
ഈ സാഹചര്യത്തിൽ മാത്തൂർ തോടിനു കുറുകെ പൈപ്പ് സ്ഥാപിച്ച് മണ്ണുനിരത്തി വാഹന ഗതാഗതത്തിന് താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, എ. സലിം, ടി. ഗംഗാധരൻ, ടി.എൻ. സുരേന്ദ്രൻ, ടി.കെ. രാധാകൃഷ്ണൻ, വി.എസ്. സദാശിവൻ എന്നിവർ പ്രസംഗിച്ചു.