ഫോറസ്റ്റ് ലീസ് കർഷക സമര സമിതി കളക്ടറേറ്റ് പടിക്കൽ ഉപവാസം നടത്തി
1544713
Wednesday, April 23, 2025 5:27 AM IST
കൽപ്പറ്റ: ലീസ് കർഷക സമര സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ഉപവാസം നടത്തി. ഗ്രോ മോർ ഫുഡ് പദ്ധതിയിൽ അനുവദിച്ചതും തലമുറകളായി കൈവശം വയ്ക്കുന്നതുമായ ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതിൽ ഭരണാധികാരികൾ വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി പ്രസിഡന്റ് എ. ശ്രീധരൻ അന്പലക്കുണ്ട് ഉദ്ഘാടനം ചെയ്തു. പട്ടയപ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരത്തിന് ലീസ് കർഷകർ നിർബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലീസ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കുമെന്ന് അഞ്ച് മാസം മുന്പ് സംസ്ഥാന വനം, റവന്യു മന്ത്രിമാർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. സമിതി ചെയർമാൻ കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. പി.വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ.ഷാജി പയ്യന്നൂർ, സതീഷ് ഗോവിന്ദൻ, പി.ആർ. രവീന്ദ്രൻ, എ.എം. ഉദയകുമാർ, കെ.വി. സനൽ, സത്യൻ കോളൂർ, സി.എം. ബാലകൃഷ്ണൻ, ഷാജു താമരച്ചാലിൽ, ഇ.എ. ബിജു, ഒ.എ. രാമകൃഷ്ണൻ, നാരായണൻ കുട്ടി അറുപത്തിയേഴിൽ, ജോണ്സൻ മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു.