നിരത്തുകളിൽ കുട്ടിക്കടകൾ സജീവമായി
1544712
Wednesday, April 23, 2025 5:27 AM IST
സുൽത്താൻ ബത്തേരി: മധ്യവേനലവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ കുട്ടിക്കൂട്ടങ്ങൾ സന്പാദ്യശീലത്തിന്റെ ഭാഗമായി കുട്ടികടകളുമായി രംഗത്ത്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ചിപ്സ് മുതൽ വീട്ടമ്മമാർ വീടുകളിലായി ഉണ്ടാക്കുന്ന അച്ചാറുകൾവരെയാണ് കുട്ടിക്കടകളിൽ ആവശ്യക്കാരെയും കാത്തിരിക്കുന്നത്. നിരത്തുകളിലെ കടകളിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ടെങ്കിലും തുടർച്ചയായി പെയ്യുന്ന മഴ കുട്ടികച്ചവടക്കാരെ അലോസരപ്പെടുത്തുന്നു.
കമുകിന്റെ പാളയും തെങ്ങിന്റെ ഓലയും മറ്റും ഉപയോഗിച്ചാണ് മിക്ക കടയുടെയും മേൽക്കൂര നിർമിച്ചിരിക്കുന്നത്. ഭിത്തിക്ക് പകരം ഉപയോഗിച്ച സാരിയാണ് മറച്ച് കൊട്ടിയിരിക്കുന്നത്.
കുട്ടികൾ അവർക്കു കിട്ടിയ വിഷുകൈനീട്ടവും പൊരുന്നാളിനും ഈസ്റ്ററിനുമായി കിട്ടിയ തുക സ്വരൂപിച്ചാണ് കച്ചവടം നടത്താനുള്ള സാധനങ്ങൽ കടയിൽ വാങ്ങിവച്ചത്. ഒറ്റയ്ക്കും കൂട്ടാമായുമാണ് പലരും കച്ചവടം നടത്തുന്നത്. ഈ കൊച്ച് കച്ചവടക്കാർക്ക് പലർക്കും പല ലക്ഷ്യങ്ങളാണുള്ളത്.
കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് തുടർ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ചിലർ ശ്രമിക്കുന്പോൾ പോക്കറ്റ് മണിക്ക് വീട്ടുകാരെ ആശ്രയിക്കാതെ കഴിയാനാണ് മറ്റ് ചിലർ കച്ചവടവുമായി ഇറങ്ങിയത്. അതേസമയം കച്ചവടത്തിൽ നിന്ന് കിട്ടുന്ന തുക ഏതെങ്കിലും പൊതു ആവശ്യത്തിനും ചാരിറ്റിക്കും വേണ്ടി ചെലവഴിക്കണമെന്ന ഉദ്ദേശത്തോടെ കച്ചവടം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സ്കൂൾ പൂട്ടിയതോടെതന്നെ റംസാനും വിഷുവും ഈസ്റ്ററുമെല്ലാം അടുത്തടുത്ത ദിവസങ്ങളിലായി വന്നതോടെ ഈ ആഘോഷങ്ങൾക്ക് വേണ്ടി ലഭിച്ച തുകകളാണ് പലരും സ്വരൂപിച്ച് കച്ചവടത്തിലൂടെ സന്പാദ്യം വർധിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്.
കച്ചവടക്കാർ കുട്ടികളാണെങ്കിലും വലിയ കച്ചവടക്കാരെ പ്പോലും വെല്ലുന്നവിധത്തിലുള്ള കച്ചവടതന്ത്രമാണ് ഈ കുട്ടിക്കച്ചവടക്കാർ നടത്തുന്നത്. കൊച്ച് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു വീട്ടിലേയ്ക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വരെ ഈ കുട്ടികടകളിൽ ഉണ്ട്.