ക്രൈം ഡോക്യുമെന്ററികൾ വിദ്യാർഥികളെ സ്വാധീനിക്കുന്നതായി പഠനം
1544711
Wednesday, April 23, 2025 5:27 AM IST
മുട്ടിൽ: ക്രൈം ഡോക്യുമെന്ററികൾ വിദ്യാർഥികളെ സ്വാധീനിക്കുന്നതായി പഠനം. മുട്ടിൽ ഡബ്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ്, ബിഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിദ്യാർഥി ഡാറിൻ ആൻഡ്രൂ ആൽഫ്രഡ് നടത്തിയ പുതിയ പഠനത്തിലാണ് അമിതമായി ക്രൈം ഡോക്യുമെന്ററികൾ വീക്ഷിക്കുന്ന വിദ്യാർഥികളിൽ ക്രിമിനൽ മനോഭാവം വളരുന്നതായി കണ്ടെത്തിയത്. അവസാന വർഷ ബിരുദ കോഴ്സിലെ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിന് മാസ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപിക ശ്രിജിയാണ് മേൽനോട്ടം വഹിച്ചത്.
ദുബായിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ 120 വിദ്യാർഥികളുമായി ഗൂഗിൾ ഫോം വഴി നടത്തിയ സർവേയും അഭിമുഖങ്ങളുമാണ് ഈ ഗവേഷണത്തിന്റെ ആധാരം. ക്രൈം ഡോക്യുമെന്ററികൾ നിരന്തരം കാണുന്നത് വിദ്യാർഥികളുടെ മാനസിക പ്രതികരണങ്ങളെയും തീരുമാനമെടുക്കുന്ന രീതികളെയും നീതിയിലേക്കുള്ള സമീപനത്തെയും എങ്ങനെ ബാധിക്കുന്നു എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
ക്രൈം ഡോക്യുമെന്ററികൾ നിരന്തരം കാണുന്നത് ചിലരെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതായും ചിലരിൽ ഭയവും ഉത്കണ്ഠയും വർധിപ്പിച്ചതായും മറ്റു ചിലർക്ക് നിയമം, ഫോറൻസിക്, ക്രിമിനോളജി എന്നീ മേഖലകളിൽ ജോലി നേടാൻ താൽപര്യം ഉണ്ടാക്കിയതായും പഠനം വെളിപ്പെടുത്തുന്നു. 67ശതമാനം പേർ പോലീസിന്റെയും നിയമത്തിന്റെയും പ്രവർത്തനം കൂടുതൽ മനസിലാക്കാൻ ക്രൈം ഡോക്യുമെന്ററികൾ സഹായിച്ചുവെന്നും 53ശതമാനം പേർ കുറ്റക്കാർക്കും ഇരകൾക്കുമിടയിലെ അവസ്ഥയിൽ വ്യക്തതയും ഇരകളോടുള്ള സഹാനുഭൂതിയും വർധിച്ചുവെന്നും പറഞ്ഞു.
ക്രൈം ഡോക്യുമെന്ററികൾ അറിവ് നൽകുന്നതിനും ബോധവത്കരണത്തിനും ഉപകരിച്ചെങ്കിലും അതിന്റെ മറുഭാഗത്തുണ്ടായേക്കാവുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നതാണ് ഡാറിൻ ആൻഡ്രൂ നടത്തിയ പഠനം.
ക്രൈം ഡോക്യുമെന്ററികളെ ഉത്തരവാദിത്വത്തോടെയും മാർഗനിർദേശത്തോടുംകൂടെ വിദ്യാഭ്യാസ ഉപാധികളായി ഉപയോഗിക്കണമെന്നും രക്ഷിതാക്കളുടെയോ മെന്റർമാരുടെയോ പിന്തുണയോടെ ഇത്തരം ഡോക്യുമെന്ററികൾ കാണുന്നത് യുവാക്കളിൽ മാനസിക നൈതിക ബലം വളർത്താൻ സഹായകമാകുമെന്നും പഠനം ശിപാർശ ചെയ്യുന്നു.