കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം; ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു
1544524
Tuesday, April 22, 2025 7:46 AM IST
കൽപ്പറ്റ: വനം വകുപ്പുമായി തർക്കത്തിലുള്ള കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സന്ദർശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാൽ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പരാതിയിൽ നിരവധി തവണ റവന്യുവകുപ്പ് സ്ഥല പരിശോധനകൾ നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചർച്ചയും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്നലെ രാവിലെ സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
കളക്ടറേറ്റ് പടിക്കൽ സമരം തുടരുന്ന കാഞ്ഞിരത്തിനാൽ കുടുംബാംഗമായ ജയിംസിൽനിന്നും ഭൂമിയുടെ സ്കെച്ചുകൾ, അതിരുകൾ, മുൻ രേഖകൾ എന്നിവയെല്ലാം ജില്ലാ കളക്ടർ പരിശോധിച്ചു. തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ 12 ഏക്കർ ഭൂമിയാണ് കാഞ്ഞിരത്തിനാൽ സഹോദരൻമാർ വാങ്ങിയത്. പിന്നീട് വനംവകുപ്പ് ഈ ഭൂമി അന്യായമായി പിടിച്ചെടുക്കുകയായിരുന്നു എന്നാണ് കാഞ്ഞിരത്തിനാൽ കുടുംബം പരാതിപ്പെടുന്നത്.
പ്രസ്തുതഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നും റവന്യു വകുപ്പ് രേഖകളും ഇതു ശരിവയ്ക്കുന്നതാണെന്നും ഈ കുടുംബം സർക്കാരിനെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രശ്നപരിഹാരത്തിന് സാധ്യതകൾ ആരായാനും അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഇതിന് മുന്പ് സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളകടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ ജോബി ജയിംസ്, ഫസ്റ്റ് ഗ്രേഡ് സർവയർ പ്രീത് വർഗീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ കെ. ജ്യോതി തുടങ്ങിയവർ ജില്ലാ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.