പണത്തിനോടുള്ള ആർത്തി കുട്ടികളിൽ പോലും മയക്കുമരുന്ന് കച്ചവടം നടത്തുവാൻ പ്രേരിപ്പിക്കുന്നു: മാർ ജോസ് പൊരുന്നേടം
1543603
Friday, April 18, 2025 5:46 AM IST
മാനന്തവാടി: പണത്തിനോടുള്ള ആർത്തിയാണ് കുട്ടികളിൽ പോലും മയക്കുമരുന്ന് കച്ചവടം നടത്തുവാൻ പ്രേരിപ്പിക്കുന്നതെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം.
കണിയാരം സെന്റ്ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മയക്ക് മരുന്നിനെ പോലും മാധ്യമങ്ങൾ മഹത്വവൽക്കരിച്ച് വാർത്ത നൽകുയാണ്. ഇത്തരം വാർത്തകൾ കണ്ടാണ് യുവാക്കൾ ഉൾപ്പെടെ മയക്കുമരുന്ന് കച്ചവടത്തിലേക്ക് എത്തുന്നത്.
ഇത്തരം വാർത്തകൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുന്പോൾ അത്തരം പ്രശസ്തി തങ്ങൾക്കും ലഭിക്കണമെന്ന് ചിന്തയാണ് കൂടുതൽ യുവാക്കളെ ഇത്തരം മയക്ക് കച്ചവടത്തിലേക്ക് പ്രേരിപ്പിക്കുന്നത്.
തെറ്റിനെപ്പോലും മഹത്വവത്കരിക്കുന്ന കാഴ്ചയാണ് ഇന്ന് സമൂഹത്തിൽ കാണുന്നത്. തെറ്റുകൾ ഏറ്റുപറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽ മുട്ടുമടക്കാനുള്ള മടി ഇന്ന് സമൂഹത്തിൽ വർധിച്ചു വരികയാണ്. ഇത്തരം നുണകൾ പറയുന്പോൾ സമൂഹം നശിക്കുകയാണ്. യേശുക്രിസ്തു ചെയ്തതു പോലെ മറ്റുള്ളവർക്ക് മുൻപിൽ മുട്ടുമടക്കാനുള്ള മനസാണ് പെസഹ ആചരണം നൽകുന്ന സന്ദേശമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. സോണി വാഴക്കാട്ട് സഹകാർമികത്വം വഹിച്ചു. യേശു ശിഷ്യൻമാരുടെ കാലുകൾ കഴുകിയതിന്റെ സ്മരണയുയർത്തി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പ്രാർഥനകളും നടന്നു. ഇന്ന് യേശുവിന്റെ പീഢാനുഭവത്തിന്റെ ഓർമ ആചരിച്ച് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കും.