വാണിജ്യവാതക സിലിണ്ടറുകൾ തുറസായ സ്ഥലത്ത് കയറ്റിയിറക്കുന്നു
1543600
Friday, April 18, 2025 5:46 AM IST
സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നില്ല
സുൽത്താൻ ബത്തേരി: സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ തുറസായ സ്ഥലത്ത് വാണിജ്യ വാതക സിലിണ്ടറുകൾ വാഹനങ്ങളിൽ കയറ്റിയിറക്കുന്നത് ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന പരാതിയുമായി കുടുംബങ്ങൾ.
സുൽത്താൻ ബത്തേരി പട്ടരുപടിയിലെ കുടുംബങ്ങളാണ് വാണിജ്യവാതക സിലിണ്ടറുകൾ തുറസായ സ്ഥലത്ത് വാഹനങ്ങളിൽ കയറ്റിയിറക്കുന്നതിനെതിരേ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
സുൽത്താൻ ബത്തേരി പാട്ടവയൽ റോഡരികിൽ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനവും ആരാധനായലവുമുള്ള പട്ടരുപടിയിലാണ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുറസായ സ്ഥലത്ത് വാണിജ്യവാതക സിലിണ്ടറുകൾ എത്തിച്ച് കയറ്റിയിറക്കുന്നത്.
കഴിഞ്ഞ ഒരുമാസക്കാലമായി ചുറ്റും ഗ്രീൻനെറ്റ്കെട്ടിമറച്ച ഭൂമിയിൽ വലിയ വാഹനത്തിൽ എത്തിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള വാതക സിലിണ്ടുറുകൾ മറ്റ് വാഹനങ്ങളിലേക്ക് കയറ്റി ഇവിടെനിന്ന് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.
രാത്രികാലങ്ങളിലും പുലർച്ചെയുമായാണ് പാചകവാതകം നിറച്ച സിലിണ്ടറുകൾ എത്തിച്ച് മാറ്റികയറ്റുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയും നിയമങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയുമാണ് ഇത്തരം പ്രവർത്തനം നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന ഈ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി തങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.