ബിദർക്കാട് ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി
1543315
Thursday, April 17, 2025 5:18 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാട് ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി. ടൗണിൽ കാട്ടാന ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സമീപത്തെ വനത്തിൽ നിന്നാണ് കാട്ടാന ഇറങ്ങുന്നത്. പകൽ സമയം വനത്തിൽ കഴിയുന്ന ഒറ്റകൊന്പൻ നേരം ഇരുട്ടിയാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. ഇന്നലെ പുലർച്ചെ ആറോടെയാണ് ആന പഞ്ചോറയിൽ നിന്ന് നേരെ റോഡിലേക്ക് ഇറങ്ങിയത്.
റോഡിലൂടെ നടന്നു പെട്രോൾ പന്പ് കഴിഞ്ഞ് വനത്തിലേക്ക് പിന്തിരിയുകയായിരുന്നു. ആനയെ കണ്ട് വാഹന യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ആനയുടെ റോഡിലൂടെയുള്ള സഞ്ചാരം വാഹന യാത്രക്കാർക്കും പ്രഭാത സവാരിക്കാർക്കും കടുത്ത ഭീഷണിയായിരിക്കുകയാണ്.
കൃഷിയിടങ്ങളിൽ ഇറങ്ങി വൻ കൃഷിനാശവും വരുത്തുന്നുണ്ട്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ബിദർക്കാടിലാണ് ബിദർക്കാട് റേഞ്ച് ഓഫീസ് പ്രവൃത്തിക്കുന്നത്. ഇതിന് അൽപം ദൂരെ നെല്ലാക്കോട്ട റേഞ്ച് ഓഫീസും പ്രവൃത്തിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ കാരണം ഈ മേഖല കാട്ടാനയുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ആന ശല്യത്തിന് പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടുവരികയാണ്. ശാശ്വതമായ പരിഹാരം കാണാൻ വനംവകുപ്പിന് സാധിക്കുന്നില്ല.
കാട്ടുകൊന്പനെ വനത്തിലേക്ക് തുരത്തുകയും വനാതിർത്തികളിൽ കിടങ്ങ് നിർമിക്കുകയും സോളാർ വേലി സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.