ക്ഷീര സംഘം പാലളവ് നിർത്തിയതിൽ പ്രതിഷേധവുമായി കർണാടക അതിർത്തി ഗ്രാമങ്ങളിലെ ക്ഷീരകർഷകർ
1543065
Wednesday, April 16, 2025 8:13 AM IST
പുൽപ്പള്ളി: കേരളത്തിലെ ക്ഷീരസംഘങ്ങളിൽ പാലളക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ കബനിഗിരി ക്ഷീരസംഘം ഓഫീസിന് മുൻപിൽ പാലുമായി പ്രതിഷേധിച്ചു. ഒരു മാസം മുൻപ് നിർത്തിവച്ച പാൽ അളവ് പുനരാരംഭിച്ചെങ്കിലും മുന്നറിയിപ്പില്ലാതെ പാൽ അളവ് വീണ്ടും നിർത്തിവച്ചതിനാണ് ക്ഷീര കർഷകർ പ്രതിഷേധിച്ചത്. വീട്ടമ്മാർ ഉൾപ്പടെയുള്ളവർ പ്രതിഷേധിക്കാനെത്തി.
മൈസൂരു ക്ഷീര സംഘം യൂണിയന്റെ പരാതിയുള്ളതിനാലാണ് കേരളത്തിലെ ക്ഷീര സംഘങ്ങളിൽ പാൽ സംഭരിക്കാൻ കഴിയാത്തതെന്നും കർഷകരെ ബുദ്ധിമുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്നും അതേസമയം അനധികൃതമായി കർണാടകയിൽ നിന്നുള്ള പാൽ സംഭരിക്കുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ടെന്നും കർണാടക മൃഗസംരക്ഷണ മന്ത്രിയോ ക്ഷീരസംഘം യൂണിയനോ ആവശ്യപ്പെട്ടാൽ കേരളത്തിൽ പാൽ അളക്കുന്നതിന് തടസമില്ലെന്നാണ് അധികൃതരുടെ നിലപാട്.
കേരളത്തിലെക്ഷീര സംഘങ്ങളിൽ വർഷങ്ങളായി പാൽ അളന്നതിനാൽ കർണാടകയിലെ അധികൃതർ പാൽ വാങ്ങാൻ തയാറാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ക്ഷീരമേഖലകളെ ആശ്രയിച്ചു കഴിയുന്ന ക്ഷീരകർഷകരെ സഹായിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.