പട്ടയം ക്രമവത്കരണത്തിന് അധിക തുക: നിർദേശം തള്ളണമെന്ന് കെ.ജെ. ദേവസ്യ
1543058
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: ഭൂവില, സബ്ഡിവിഷൻ ചാർജ്, വൃക്ഷവില തുടങ്ങിയവ അടച്ച് നേടിയ പട്ടയത്തിന്റെ ക്രമവത്കരണത്തിന് എന്ന പേരിൽ അധികതുക ഈടാക്കുന്നതിന് റവന്യു വകുപ്പ് നിയമ വകുപ്പിന്റെ അംഗീകാരത്തിന് രഹസ്യസ്വാഭാവത്തോടെ സമർപ്പിച്ച നിർദേശം തള്ളണമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
റവന്യു വകുപ്പിന്റെ നീക്കത്തിന് ന്യായീകരണമില്ല. ജനങ്ങളെ കുരുക്കിലാക്കാനും അവരുടെ മൗലികാവകാശം കവരാനുമുള്ള പദ്ധതിക്ക് സർക്കാർ കൂട്ടുനിൽക്കരുത്. ഭൂനിയമങ്ങളിലെ അപാകതകൾ പരിഹരിക്കണം. ജനപക്ഷ നിലപാടും ഏകീകൃത അവകാശ സ്വാഭാവമുള്ള ഭൂപരിഷ്കരണ നിയമം നടപ്പാക്കാൻ തയാറാകണം.
2023ൽ ഭേദഗതി ചെയ്ത ഭൂനിയമത്തിന് ചട്ടങ്ങളുണ്ടാക്കാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണ്. റവന്യു ഭൂമി, ജൻമഭൂമി തുടങ്ങി വിവിധ അവകാശക്രമങ്ങളിലുള്ള പട്ടയഭൂമിയിൽ വീടുകൾക്കു പുറമേ ജീവനോപാധികൾക്കായും നിർമാണം നടന്നിട്ടുണ്ട്. ഇതെല്ലാം അനധികൃതമാണെന്ന് ആരോപിച്ച് തത്പരകക്ഷികൾ ഇടപെട്ടതിനെത്തുടർന്ന് വിവിധതരം ഭൂമികളിൽ നിർമാണാനുമതിക്ക് ഹൈക്കോടതിയുടേതടക്കം കർശന വിലക്കുകൾ ഉണ്ടായി. ഈ സാഹചര്യത്തിലാണ് 2023ൽ നിയമം ഭേദഗതി ചെയ്തത്. നിയമസഭ ഐകകണ്ഠ്യേനയാണ് നിയമ ഭേദഗതി പാസാക്കിയതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.