അരിച്ചാക്കിൽ നെല്ലിനം വ്യക്തമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1543059
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: അരി തരം മാറ്റി വിൽക്കുന്നത് തടയാൻ ചാക്കുകളിൽ നെല്ലിനത്തിന്റെ വിവരം ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. അരി നിറം കലർത്തി വിൽക്കുന്നതു തടയുന്നതിന് നടപടി ആവശ്യപ്പെട്ട് അന്പലവയൽ കുന്നേൽ അജി തോമസ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ നിർദേശം.
അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് റൈസ് ക്വാളിറ്റി സ്റ്റാൻഡേർഡൈസേഷൻ നടപ്പാക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഹർജിയിൽ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തേടിയിരുന്നു. ഭക്ഷ്യസാധനങ്ങളിൽ മായം കലർത്തുന്നത് കർശനമായി തടയുന്നുണ്ടെന്നും പരിശോധനകൾ നടത്തുന്നുണ്ടെന്നുമാണ് കമ്മീണർ അറിയിച്ചത്.
2023 ഏപ്രിൽ മുതൽ 2024 ജൂണ്‍ വരെ നടത്തിയ 1,233 സാംപിൾ പരിശോധനയിൽ അരിയിൽ നിറം ചേർക്കുന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 54 സാംപിളുകൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതായും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.