മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 24ന്
1543312
Thursday, April 17, 2025 5:18 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 24ന് നടത്തും. കോണ്‍ഗ്രസ് ടിക്കറ്റിൽ കടച്ചിക്കുന്ന് വാർഡിൽനിന്നു ഭരണസമിതിയിലെത്തുകയും പിന്നീട് പാർട്ടി നടപടിക്ക് വിധേയനാകുകയും ചെയ്ത വി.എൻ. ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ആർ. ഉണ്ണിക്കൃഷ്ണൻ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. പാർട്ടി മൂപ്പൈനാട് മണ്ഡലം മുൻ മണ്ഡലം പ്രസിഡന്റാണ് ഇദ്ദേഹം.
16 അംഗങ്ങളാണ് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയിൽ. പ്രസിഡന്റ് പദം രാജിവച്ച വി.എൻ. ശശീന്ദ്രൻ ഒഴികെ യുഡിഎഫിന് 10 അംഗങ്ങളുണ്ട്. അഞ്ച് അംഗങ്ങളാണ് ഇടതുപക്ഷത്തിന്. യുഡിഎഫ് നിരയിൽ മുസ് ലിം ലീഗിന് ആറും കോണ്‍ഗ്രസിന് നാലും അംഗങ്ങളാണുള്ളത്. പഞ്ചായത്ത് ഭരണസമിതിയുടെ തുടക്കത്തിൽ മുസ്ലിം ലീഗിലെ എ.കെ. റഫീഖായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫ് ധാരണയനുസരിച്ച് ഇദ്ദേഹം രാജിവച്ച മുറയ്ക്കാണ് കർഷക കോണ്‍ഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായി വി.എൻ. ശശീന്ദ്രൻ പ്രസിഡന്റായത്.
കോണ്‍ഗ്രസ് ധാരണപ്രകാരം, ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ ഒരുവർഷം ബാക്കിയുള്ളപ്പോൾ ശശീന്ദ്രൻ പ്രസിഡന്റ് പദം ഒഴിയേണ്ടതായിരുന്നു. എന്നാൽ പാർട്ടി ജില്ലാ നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിൽ കെപിസിസി നിർദേശപ്രകാരം ശശീന്ദ്രന്റെ പാർട്ടി അംഗത്വം ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.
തുടർന്നും പ്രസിഡന്റ് പദവിയിൽ തുടർന്ന ശശീന്ദ്രനെതിരേ ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അവിശ്വാസ പ്രമേയത്തിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനും തീയതി നിശ്ചയിച്ചിരിക്കേയാണ് ശശീന്ദ്രൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.