മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മകൾക്ക് രേഖകൾ നൽകാമെന്ന് മാതാവ്
1543309
Thursday, April 17, 2025 5:14 AM IST
കൽപ്പറ്റ: ജനിച്ച മതത്തിൽ നിന്നും വിട്ടു നിന്നതിന്റെ പേരിൽ വീട്ടുകാരുമായി കലഹിച്ച് പോയ മകളുടെ വ്യക്തിപരമായ രേഖകൾ തിരികെ നൽകാൻ തയാറാണെന്ന് മാതാവ് അറിയിച്ചതായി സുൽത്താൻ ബത്തേരി പോലീസ് ഇൻസ്പെക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തന്റെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വിദ്യാഭ്യാസ രേഖകൾ എന്നിവ മാതാവ് വിട്ടുനൽകുന്നില്ലെന്ന് പരാതിപ്പെട്ട് എറണാകുളത്ത് താമസിക്കുന്ന യുവതി സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് സുൽത്താൻ ബത്തേരി എസ്എച്ച്ഒക്ക് നിർദേശം നൽകിയിരുന്നു.
യുവതിയുടെ അമ്മ ഹൈദരാബാദിലാണ് താമസിക്കുന്നതെന്നും ഫോണിൽ ബന്ധപ്പെട്ടതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ഓടപ്പള്ളം പള്ളിപ്പടിയിലെ വീട് അടഞ്ഞുകിടക്കുകയാണ്.
2022 ൽ മകളുടെ പാസ്പോർട്ട് പോലീസിന്റെ മധ്യസ്ഥതയിൽ തിരികെ നൽകിയതായി മാതാവ് അറിയിച്ചതായി പോലീസ് പറഞ്ഞു. 2019 ൽ മകൾ നിരീശ്വരവാദിയായി വീട്വിട്ട് കുസാറ്റിൽ പഠിക്കാൻ പോയതാണെന്നും മാതാവ് പറഞ്ഞു.
മുൻകൂട്ടി അറിയിച്ചാൽ താൻ സുൽത്താൻ ബത്തേരിയിലെത്തി രേഖകൾ മടക്കി നൽകാമെന്ന് മാതാവ് പറഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരിക്ക് സുൽത്താൻ ബത്തേരി പോലീസുമായി ബന്ധപ്പെടാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.