മുള്ളൻകൊല്ലി-മരക്കടവ് റോഡ് പ്രവൃത്തി കുറ്റമറ്റതാക്കണമെന്ന്
1543602
Friday, April 18, 2025 5:46 AM IST
മുള്ളൻകൊല്ലി: കേന്ദ്രാവിഷ്കൃത ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിൽ നടത്തുന്ന മുള്ളൻകൊല്ലി-മരക്കടവ് റോഡ് നവീകരണം കുറ്റമറ്റതാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡ് പ്രവൃത്തിയിൽ അപാകതകൾ ഏറെയാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള കലുങ്കുകളുടെയും സൈഡ് ഭിത്തിയുടെയും നിർമാണം അടക്കം ഒഴിവാക്കിയാണ് പണി നടത്തുന്നത്. ജൽജീവൻ മിഷനും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള തർക്കത്തെത്തുടർന്ന് വർഷത്തോളം ജനങ്ങൾ അനുഭവിച്ച ദുരിതത്തിനുശേഷം പ്രവൃത്തി ആരംഭിച്ചപ്പോഴാണ് ഇത്തരം അപാകതകൾ കടന്നുകൂടിയത്.
എസ്റ്റിമേറ്റ് പ്രകാരം കബനിഗിരി സ്കൂൾ പരിസരം, അറുപതുകവല, ഹോസ്പിറ്റൽ കവല, പാടിച്ചിറ ടൗണ്‍ എന്നിവിടങ്ങളിൽ കലുങ്ക് നിർമിക്കേണ്ടതാണ്. പഴയ കലുങ്കുകൾ കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളതും വീതി കുറഞ്ഞതുമാണ്. റോഡിൽ വീതി കുറഞ്ഞ ഭാഗങ്ങളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും പാർശ്വഭിത്തി നിർമാണം നടത്തുന്നില്ല. പാടിച്ചിറയിൽ അഴുക്കുചാലുകൾ നിർമിക്കാൻ നടപടിയില്ല. പാടിച്ചിറ കിഴക്കേക്കുന്ന്, പള്ളിക്കുന്ന് ഉൾപ്പെടെ പ്രദേശങ്ങളിൽനിന്നു മഴവെള്ളം പാടിച്ചിറ ടൗണിലാണ് എത്തുന്നത്.
ഗതാഗത തടസത്തിനു കാരണമാകുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തിൽ, ജോബിഷ് മാവുടി, ആശ ഷാജി, രഞ്ജിത്ത് ഇടമല, പി.എൻ. സന്തോഷ്, കുമാരൻ പൊയ്ക്കാട്ടിൽ, ബെന്നി കുളങ്ങര, സതീശൻ കുറ്റിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.