പുനരധിവാസത്തിന് ഏറ്റെടുത്ത ഭൂമിയിലെ തൊഴിലാളി പ്രശ്നം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
1543057
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി. ടൗണ്ഷിപ് നിർമാണത്തിന് ഏറ്റെടുത്ത തേയിലത്തോട്ടത്തിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും ജോലിയിൽനിന്നു വിരമിച്ചവർക്കും എസ്റ്റേറ്റ് മാനേജ്മെന്റ് ആനുകൂല്യങ്ങൾ നൽകാനുണ്ട്. തൊഴിലാളികളുടെ ജോലി സുരക്ഷയിൽ സർക്കാരോ മാനേജ്മെന്റോ ഉറപ്പ് നൽകിയിട്ടില്ല.
തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പറയുന്നതനുസരിച്ച് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, കൂലി ബാക്കി ഉൾപ്പെടെ ഏകദേശം 11 കോടി രൂപയാണ് മാനേജ്മെന്റ് നൽകേണ്ടത്. പുനരധിവാസത്തിന് തൊഴിലാളികൾ എതിരല്ല.
ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയിൽ ഉറപ്പും എന്ന ന്യായമായ ആവശ്യം മാത്രമാണ് അവർ ഉന്നയിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.