ക്രാഷ്ഗാർഡ് റോപ്പ് ഫെൻസിംഗ് നിർമാണത്തിൽ അപാകതയെന്ന്
1543055
Wednesday, April 16, 2025 8:12 AM IST
കാട്ടിക്കുളം: പാൽവെളിച്ചം, കുറുവ പ്രദേശങ്ങളിലെ ക്രാഷ്ഗാർഡ് റോപ്പ് ഫെൻസിംഗ് നിർമാണത്തിൽ അപാകതയുണ്ടെന്ന് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. വേലിയുടെ ഭാഗം തകർത്ത് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഒഴുകയിൽ അഖിൽ, പാപ്പിനിശേരി തോമസ്, ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ബിനോയ്, ജോണ്സണ് എന്നിവരുടെ വാഴ, റബർ, കമുക് കൃഷികൾ നശിപ്പിച്ചതായി യോഗം ചൂണ്ടിക്കാട്ടി.
2017ൽ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒയുടെ കാര്യാലയത്തിനു സമരം സംഘടിപ്പിച്ചതിനെത്തുടർന്ന് പാൽവെളിച്ചം, കുറുവ പ്രദേശത്ത് റെയിൽ ഫെൻസിംഗിനു 10 കോടി രൂപ അനുവദിച്ചിരുന്നു. വനം അധികൃതരുടെ പിടിപ്പുകേടുമൂലം ഈ പ്രവൃത്തി 2.5 കോടി രൂപയുടെ ക്രാഷ്ഗാർഡ് ഫെൻസിംഗ് പദ്ധതിയായി മാറി. ഇതുമായി ബന്ധപ്പെട്ടും വിവാദവും സമരവും നടന്നു. ഒടുവിൽ മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രവൃത്തി നടന്നത്.
ഈ പദ്ധതിയും നിർവഹണത്തിലെ അപാകം മൂലം ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യോഗം വനം മന്ത്രിയോട് ആവശ്യപ്പെട്ടു. ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. സന്തോഷ് തോൽപ്പെട്ടി, വി.ആർ. ജയചന്ദ്രൻ, നാസർ ബാവലി, ടി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.