പന്ത്രണ്ടാമത് വയനാട് മഴ മഹോത്സവം ജൂലൈയിൽ
1543304
Thursday, April 17, 2025 5:14 AM IST
കൽപ്പറ്റ: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ(ഡബ്ല്യുടിഒ) സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവം സ്പ്ലാഷ്-2025 ജൂലൈ 11 മുതൽ 13 വരെ ബത്തേരി സപ്ത റിസോർട്ടിൽ നടക്കും.
ഡബ്ല്യുടിഒ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ, വൈസ് പ്രസിഡന്റ് സി.സി. അഷ്റഫ്, ട്രഷറർ ബാബു വൈദ്യർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. അനിൽ, ബിജു തോമസ്, എം.ജെ. സുനിൽകുമാർ, സ്പ്ലാഷ്-2025 കണ്‍വീനർ വിഷ്ണു എം. ദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
12, 13 തീയതികളിൽ നടത്തുന്ന ബിസിസനസ് ടു ബിസിനസ് മീറ്റാണ് മഴമഹോത്സവത്തിലെ പ്രധാന പരിപാടി. മഡ് ഫുട്ബോൾ, വോളിബോൾ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സ്പ്ലാഷിന്റെ ഭാഗമാണ്.
കേരളത്തിന് അകത്തും പുറത്തും നിന്നായി 200 ഓളം ടൂറിസം സംരംഭകരും 500 ഓളം ട്രാവൽ ഏജന്റുമാരും ബിസിനസ് ടു ബിസിനസ് മീറ്റർ പങ്കെടുക്കും. വയനാടിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവു പകരാനും തദ്ദേശീയ ടൂറിസം വികസനത്തിനും വിഭാവനം ചെയ്ത മഴമഹോത്സവം ഇതിനകം വിദേശ രാജ്യങ്ങളിലടക്കം ശ്രദ്ധ നേടിയതായി ഡബ്ല്യുടിഒ ഭാഹവാഹികൾ പറഞ്ഞു.