ബീച്ചനഹള്ളി ഡാം തുറന്നുവിട്ടതോടെ കബനി നദിയിൽ ജലവിതാനം താഴ്ന്നു
1543301
Thursday, April 17, 2025 5:14 AM IST
പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ പ്രധാന ജലസ്രോതസായ കബനി നദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വൻതോതിൽ കുറഞ്ഞത്.
കർണാടകയിൽ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം എടുത്തുതുടങ്ങിയതാണ് ഇതിന് കാരണം.
ജില്ലയിൽ പല ഭാഗങ്ങളിലും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും കബനിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളി ഡാം തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്.
വേനൽമഴ ലഭിച്ചില്ലെങ്കിൽ കബനി നദിയിൽ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കും. ഈ അവസ്ഥ തുടർന്നാൽ താമസിയാതെ കബനി കുടിവെള്ള പദ്ധതിയേയും ജലക്ഷാമം ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
കബനി നദിയിൽ ജലവിതാനം കുത്തനെ താഴ്ന്നതോടെ പുഴയിൽ പാറക്കെട്ടുകൾ മാത്രമായ അവസ്ഥയാണ്.