മരക്കടവ്, തോണിക്കടവ് പ്രദേശങ്ങളിൽ ലഹരി സംഘങ്ങളുടെ വിളയാട്ടം
1543063
Wednesday, April 16, 2025 8:13 AM IST
പുൽപ്പള്ളി: മരക്കടവ് പ്രദേശത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടം വർധിച്ചതോടെ നാടിന്റെ സമാധാനാന്തരീക്ഷം തകരുന്നു. കർണാടകയിൽ നിന്ന് കബനിതീരംവഴി എത്തുന്ന ലഹരി വസ്തുക്കൾ ടൗണിൽ എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങൾ വർധിച്ചു. യുവാക്കൾ ഉൾപ്പെടുയുള്ളവരാണ് ലഹരി വില്പനയിൽ സജീവമായി പ്രവർത്തിക്കുന്നത്.
പുൽപ്പള്ളി മേഖലയിൽ 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണമുണ്ടായിട്ടും ലഹരി വില്പന സംഘങ്ങളെ പിടികൂടാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി തേടുന്ന യുവാക്കളുടെ എണ്ണം വർധിച്ചതോടെ ലഹരി വില്പന സംഘങ്ങളെ സഹായിക്കാൻ കൂടുതൽ യുവാക്കളും രംഗത്തുണ്ട്.
ഇവരാണ് വില്പന മേഖലയിൽ സജീവമായിരിക്കുന്നത്. ലഹരി വില്പന സംഘങ്ങളെ പിടികൂടാൻ എക്സൈസും പോലീസും തയാറാകാത്തത് കാരണം ഇവരെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാനും ആളുകൾക്ക് കഴിയാത്ത അവസ്ഥയാണ്.
മരക്കടവിൽ കഴിഞ്ഞ ദിവസം ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും പരാതി നൽകാതെ പ്രശ്നം ഒതുക്കിതീർക്കുകയാണുണ്ടായത്. മേഖലയിൽ വർധിച്ചുവരുന്ന ലഹരി വില്പന സംഘങ്ങളെ നിയന്ത്രിക്കാൻ പോലീസും എക്സൈസും കർശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.