ബെയ്ലി വനിതാ സംരംഭത്തിന് കൈത്താങ്ങായി സാൻതോം ട്രസ്റ്റ്
1543310
Thursday, April 17, 2025 5:14 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരായ വനിതകളിൽ ഒരു സംഘം രൂപീകരിച്ച ലൈഫ് ലൈൻ വയനാട് റിപ്പണിൽ ബെയ്ലി എന്ന പേരിൽ ആരംഭിച്ച ബാഗ് നിർമാണ യൂണിറ്റിന് കൈത്താങ്ങുമായി സാൻതോം വയനാട് ട്രസ്റ്റ്. കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് ഭാരവാഹികളായ റവ.ഡോ.തോമസ് ജോസഫ് തേരകം,
ബിജോയ് വള്ളിപ്പാലം, ജോസഫ് പുല്ലം, ഇത്തമ്മ ജോസഫ് എന്നിവർ യൂണിറ്റ് സന്ദർശിച്ച് ഷെൽഫുകൾ, കസേരകൾ, സ്ക്രീൻ പ്രിന്റിംഗിനുള്ള മേശ എന്നിവ കൈമാറി. ലൈഫ് ലൈൻ വയനാട് പ്രസിഡന്റ് നിഖിത, ട്രഷറർ റസിയ എന്നിവരുടെ നേതൃത്വത്തിൽ സാമഗ്രികൾ ഏറ്റുവാങ്ങി.
സംരംഭത്തിന്റെ പ്രവർത്തനം, വിപണന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ലൈഫ് ലൈൻ ഭാരവാഹികളുമായി ചർച്ച നടത്തിയ ട്രസ്റ്റ് പ്രതിനിധികൾ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏപ്രിലിലെ വാടക വാഗ്ദാനം ചെയ്തു.
ബാഗ് നിർമാണത്തിന് ആവശ്യമായ ഗുണമേൻമയുള്ള ചണം പശ്ചിമബംഗാളിൽനിന്നു മൊത്തവില അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് സന്നദ്ധത അറിയിച്ചു. ഉത്പന്നങ്ങളുടെ വിപണി വിപുലീകരണത്തിന് സഹായം വാഗ്ദാനം ചെയ്തു.