ടൗണ്‍ഷിപ് നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കും: എസ്. സുഹാസ്
1543067
Wednesday, April 16, 2025 8:13 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത ഭൂമിയിൽ ടൗണ്‍ഷിപ് നിർമാണം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് സ്പെഷൽ ഓഫീസർ എസ്. സുഹാസ്. ടൗണ്‍ഷിപ്പ് പ്രാരംഭപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എൽസ്റ്റൻ എസ്റ്റേറ്റിലെ പുൽപ്പാറയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
ടൗണ്‍ഷിപ് നിർമാണത്തിന് ഭൂമി കരാർ സ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ വീടിന്റെ പണി തുടങ്ങി. റോഡ് പ്രവൃത്തിക്ക് അടുത്ത ദിവസം തുടക്കമാകും. ടൗണ്‍ഷിപ്പിൽ എത്ര വീടുകൾ നിർമിക്കണമെന്നതിൽ ഭവന പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതോടെ വ്യക്തതയാകും.
ഏറ്റെടുത്ത ഭൂമിയിലെ തേയിലഫാക്ടറി കെട്ടിടം പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്തും. മഴക്കാലത്ത് ഷെൽട്ടർ ആയി പ്രയോജനപ്പെടുത്താവുന്നതാണ് കെട്ടിടമെന്നും സ്പെഷൽ ഓഫീസർ പറഞ്ഞു.