ചേലക്കൊല്ലിയിലെ റോഡിലേക്ക് തള്ളി നിൽക്കുന്ന മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി
1543601
Friday, April 18, 2025 5:46 AM IST
സുൽത്താൻ ബത്തേരി: മൂന്നാനക്കുഴി-പാപ്ലശേരി-ഇരുളം റോഡിലെ ചേലക്കൊല്ലി ഭാഗത്ത് മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി. റോഡിലേക്ക് തള്ളിനിൽക്കുന്ന മരങ്ങൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുകയാണ്.
മരങ്ങൾ ഡ്രൈവർമാർക്ക് റോഡിൽ ദൂരക്കാഴ്ച മറയ്ക്കുകയാണ്. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് മരങ്ങളിൽ പലതും. റോഡ് മറച്ച് മരങ്ങൾ നിൽക്കുന്നതിനാൽ എതിരേ വരുന്ന വാഹനങ്ങൾ അടുത്തെത്തുന്പോൾ മാത്രമാണ് ഡ്രൈവർമാർക്ക് കാണാനാകുന്നത്. വനം വകുപ്പിന്റെ അധീനതയിലാണ് ചേലക്കൊല്ലി ഉൾപ്പെടെ പാപ്ലശേരി മുതൽ ഇരുളം വരെ റോഡിൽ ഏറിയ ഭാഗവും.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പ്രദേശവാസികൾ വനം അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് റോഡിലേക്ക് മറിയാൻ സാധ്യതയുള്ള മരങ്ങളിൽ ചിലത് മുറിച്ചുനീക്കി. എന്നാൽ ചേലക്കൊല്ലി വളവിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൽക്കും ഒരുപോലെ തടസമായി നിൽക്കുന്ന മരം മുറിച്ചില്ല.