ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കും
1543303
Thursday, April 17, 2025 5:14 AM IST
പുൽപ്പള്ളി: ക്രൈസ്തവ വിശ്വാസി സമൂഹം അന്പത് നോന്പാചരണത്തിന്റെ പ്രധാന ദിനങ്ങളിലേക്ക് കടന്നതോടെ വിശ്വാസി സമൂഹത്തിന് ഇനി പ്രാർത്ഥനയുടെ നാളുകൾ.
കുരിശുമരണത്തിനുമുന്പ് ശിഷ്യൻമാർക്കൊപ്പം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കിയാണ് ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നത്. വിനയത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാ വ്യാഴത്തെ തീവ്രമാക്കും. അന്പത് നോന്പാചരണത്തിന്റെ പ്രധാന ദിനമായ ഇന്ന് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും മറ്റ് പ്രാർത്ഥനകളും നടക്കും.
അന്ത്യ അത്താഴവേളയിൽ യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ സ്മരണയിലാണ് ഇന്ന് കാൽകഴുകൽ ശുശ്രൂഷ പള്ളികളിൽ നടക്കുന്നത്. യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവർ നാളെ ദുഖവെള്ളി ആചരിക്കും. ഗാഗുൽത്താമലയിലേക്ക് കുരിശുമായി പീഢകൾ സഹിച്ച് യേശു നടത്തിയ അവസാന യാത്രയുടേയും അതിന് ശേഷമുള്ള കുരിശു മരണത്തിന്റെയും ഓർമ്മ പുതുക്കിയാണ് ദുഖവെള്ളി ആചരിക്കുന്നത്.
ദുഖവെള്ളി ശുശ്രൂഷയിലും കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കുചേരും. മാനവരാശിയുടെ പാപമോചനത്തിനും കുരിശിൽ മരണം വരിച്ച യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ശനിയാഴ്ച വൈകുന്നേരം മുതൽ ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാളിന്റെ ചടങ്ങുകളും നടക്കും.