ബത്തേരിയിൽ വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു
1542765
Tuesday, April 15, 2025 10:36 PM IST
സുൽത്താൻ ബത്തേരി: മൾട്ടി ആക്സിൽ ലോറിയിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കട്ടയാട് രത്നഗിരി രാജന്റെ മകൻ അഖിൽ (28), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു(26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ മാനിക്കുനി വേർഹൗസ് ഗോഡൗണിന് മുന്പിലാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു.
ടൗണിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു അഖിൽ. രാത്രി ഡോക്ടറുടെ താമസസ്ഥലത്തുപോയി മടങ്ങുകയായിരുന്നു അഖിലും സുഹൃത്തായ മനുവും. മുത്തച്ഛൻ നടത്തുന്ന പശു ഫാമിന്റെ നോട്ടക്കാരനാണ് മനു.
രണ്ടു യുവാക്കളുടെയും സംസ്കാരം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു. രുക്മിണിയാണ് അഖിലിന്റെ മാതാവ്. സഹോദരി: രേഖ. മനുവിന്റെ മാതാവ്: തങ്കമണി. സഹോദരി: അനിത.