പരിശീലനം തുടങ്ങി
1542063
Saturday, April 12, 2025 6:06 AM IST
മാനന്തവാടി: വന്യമൃഗശല്യം പ്രതിരോധിക്കാൻ മിഷൻ സോളാർ ഫെൻസിംഗ് പരിശീലനവുമായി വനം വകുപ്പ്. വന്യജീവി സംഘർഷ ലഘൂകരണത്തിന് സർക്കാർ പത്ത് മിഷനുകളിൽ ഒന്നാണ് മിഷൻ സോളാർ ഫെൻസിംഗ്. കോഴിക്കോട് വനം ഡിവിഷനിലെ തെരഞ്ഞെടുത്ത റേഞ്ച് കോ ഓർഡിനേറ്റർമാർ, മാസ്റ്റർ ട്രെയിനീസ് എന്നിവർക്കാണ് തുടക്കത്തിൽ പരിശീലനം.
സോളാർ പവർ ഫെൻസിംഗ്, തൂക്ക് ഫെൻസിംഗ് നിർമാണവുമായി ബന്ധപ്പെട്ട സ്ഥല പരിശോധന, അടങ്കൽ തയാറാക്കൽ, നിർമാണ സാമഗ്രികളുടെ ഗുണമേൻമ ഉറപ്പുവരുത്തൽ, നിർമാണം, പരിചരണം എന്നീ വിഷയങ്ങളിൽ ക്ലാസും പ്രായോഗിക പരിശീലനവും ഇവർക്ക് നൽകും. നോർത്ത് വനം സർക്കിളിലെ ഏഴ് ഡിവിഷനുകളിലും ആദ്യഘട്ടം പരിശീലനം ഈ മാസം പൂർത്തിയാക്കും.
സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ. രാമൻ സർക്കിൾതല പരിശീലനം ഉദ്ഘാടനം ചെയ്തു.
മിഷൻ സോളാർ ഫെൻസിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ എം.കെ. സമീർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത് കുമാർ, ഹരിലാൽ, മിഷൻ സോളാർ ഫെൻസിംഗ് സർക്കിൾ കോ ഓർഡിനേറ്റർ കെ.വി. ആനന്ദൻ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.