എൽസ്റ്റണ്‍ എസ്റ്റേറ്റിലെ ടൗൺഷിപ്പ് നിർമാണം : തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യം
1542046
Saturday, April 12, 2025 6:01 AM IST
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി എൽസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്പോൾ എസ്റ്റേറ്റിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തതിനുശേഷം മാത്രമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളോടും തൊഴിലാളികളോടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടപ്രതിനിധികളും നൽകിയ ഉറപ്പുകൾ പാലിക്കാതെ ടൗണ്‍ഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് ഐഎൻടിയുസി.
താത്കാലികമായ വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രിക്ക് ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് പോകാൻ സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭൂമിയുടെ കാര്യത്തിൽ സർക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിനു പോലും ഇതുവരെ തീരുമാനമായില്ല. തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ മാനേജ്മെന്റ് വിതരണം ചെയ്യണമെന്ന് സർക്കാരും അതിനായി ഭൂമിയുടെ തുക അനുവദിക്കണമെന്ന് മാനേജ്മെന്റും ആവശ്യപ്പെട്ടത് കോടതി നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഇതിനിടയിൽ വിശേഷദിവസങ്ങളായ ബലിപെരുന്നാളും വിഷുവും തൊഴിലാളികൾക്ക് ആഘോഷിക്കാനാവാതെ പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യമാണ്. ഭൂമി ഒഴിയുന്ന തൊഴിലാളികളോട് മനുഷ്യത്വപരമായ ഒരു സമീപനം പോലും സർക്കാർ സ്വീകരിക്കുന്നില്ല.
നാലുമാസത്തെ ശന്പളകുടിശ്ശിക, 2016 മുതലുള്ള പിഎഫ് കുടിശിക, ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്ടീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവർഷത്തെ കുടിശിക തുടങ്ങി മുഴുവൻ കുടിശികയും തൊഴിലാളികൾക്ക് പൂർണമായി നൽകണം എന്നാവശ്യപ്പെട്ടും ആനുകൂല്യങ്ങൾ ലഭിക്കാതെ ഭൂമി ഒഴിയില്ലെന്നും എല്ലാ ട്രേഡ് യൂണിയനുകളും ഒന്നിച്ച് നിലപാട് എടുത്തിരുന്നു.
അതേതുടർന്നാണ് ട്രേഡ് യൂണിയൻ നേതാക്കളെയും തൊഴിലാളികളെയും വിളിച്ചുവരുത്തി ചർച്ച ചെയ്ത് തൊഴിലാളികളുടെ എല്ലാ വിഷയങ്ങളും പരിഹരിക്കും എന്ന് ഉറപ്പു നൽകിയത്.
എന്നാൽ ഈ ഉറപ്പുകൾ കാറ്റിൽ പറത്തി തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായി നൽകാതെ ടൗണ്‍ഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ല.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, എൻ. വേണുഗോപാൽ, സി. ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, പി. ജയകൃഷ്ണൻ, കെ. സുരേഷ്, മോഹനൻ പുൽപ്പാറ, മുഹമ്മദ് ബാവ പെരുന്തട്ട, സുബ്രഹ്മണ്യൻ നടുപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.