ലഹരിക്കെതിരെയുള്ള പോരാട്ടം വെള്ളത്തിൽ വരച്ച വര പോലെ ആകരുത്: മന്ത്രി ഒ.ആർ. കേളു
1541743
Friday, April 11, 2025 6:05 AM IST
സുൽത്താൻബത്തേരി: ലഹരിക്കെതിരെയുള്ള പോരാട്ടം വെള്ളത്തിൽ വരച്ച വരപോലെ ആകരുതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
ലഹരിക്കെതിരെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് ശ്രേയസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഒ.ആർ. കേളു.
പലകാര്യങ്ങൾക്കും പദ്ധതികളും മറ്റും പ്രഖ്യാപിക്കുമെങ്കിലും നൂറ് ശതമാനം നടപ്പാകാറില്ല. എന്നാൽ ലഹരിക്കെതിരെയുള്ള പോരാട്ടം അങ്ങനെ ആവരുതെന്നും പൂർണമായും സമൂഹത്തിൽ നിന്ന് പറിച്ചെറിയാൻ എല്ലാവരും പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രേയസിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ മിസാൽസാഗർ ഭരത് അധ്യക്ഷത വഹിച്ചു. എൻഎംബിഎ സംസ്ഥാന കോഓർഡിനേറ്റർ ടി.എം. മാത്യു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, ഡിഎസ്ജിഒ കെ.ജെ. ജോണ് ജോഷി, ജില്ലാമെഡിക്കൽ ഓഫീസർ മനോജ്കുമാർ, ജില്ലാ വനിതാശിശു വികസന ഓഫീസർ പി. സുധീർകുമാർ, ആസാദ് സേന ജില്ലാ കോ ഓർഡിനേറ്റർ എം.എ. ഷെറീന, എൻഎംബിഎ അംഗം പ്രിൻസ് ഏബ്രഹാം, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ഫാ. ബിജോ തോമസ്, ഡോ. ഷാജി വട്ടോളിപ്പുരക്കൽ, മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
വരുംദിവസങ്ങളിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗണ്സലിംഗ്, കൗമാരശക്തീകരണ പരിശീലനം, ഹൈസ്കൂൾ-കോളജ് തലങ്ങളിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെയും അപകടത്തെയുംകുറിച്ച് പ്രചാരണങ്ങൾ തുടങ്ങിയ വിവിധങ്ങളയ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തും.