നീലഗിരി കോളജിൽ ബിരുദദാന സമ്മേളനം ഇന്ന്
1542053
Saturday, April 12, 2025 6:01 AM IST
കൽപ്പറ്റ: താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്പതാമത് ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ഇന്നു നടത്തുമെന്ന് ഗവേണിംഗ് ബോഡി വൈസ് ചെയർമാൻ പ്രഫ.ടി. മോഹൻ ബാബു, പ്രിൻസിപ്പൽ ഡോ.ബാല ഷണ്മുഖദേവി, കാന്പസ് മാനേജർ പി.എം. ഉമ്മർ, പിടിഎ പ്രസിഡന്റ് പി.പി. സുദർശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോഴ്സ് പൂർത്തിയാക്കിയ 680 യുജി, 75 പിജി വിദ്യാർഥികൾക്കാണ് ബിരുദം സമ്മാനിക്കുന്നത്. സമ്മേളനം രാവിലെ 10ന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ ഡോ.ശാന്തി ശ്രി ദുലിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗവും കോളജ് മാനേജിംഗ് ഡയറക്ടറുമായ ഡോ.റാഷിദ് ഗസാലി അധ്യക്ഷത വഹിക്കും.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിതയാകും. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ ഡോ.ശാന്തി ശ്രി ദുലിപുടി പണ്ഡിറ്റും ഡോ.സജി ഗോപിനാഥും വിദ്യാർഥികളുമായി സംവദിക്കും.
പരസ്പര സഹകരണത്തിന് പഞ്ചാബ് ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി, ഇൻഫോസിസ് എന്നിവയുമായി ധാരണാപത്രം നീലഗിരി കോളജ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അക്കാദമിക രംഗത്ത് ജെഎൻയുവുമായി സഹകരണത്തിനു നീക്കം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ജഐൻയു വൈസ് ചാൻസലർ നീലഗിരി കോളജിൽ എത്തുന്നത്.
നാക്കിന്റെ എ പ്ലസ് പ്ലസ് ഗ്രേഡുള്ള സ്ഥാപനമാണ് നീലഗിരി കോളജ്. നിവിൽ 11 ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളും രണ്ട് ഗവേഷണ കോഴ്സുകളും കോളജിലുണ്ട്. വരുന്ന അധ്യയനവർഷം ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സൈബർ സെക്യൂരിറ്റി കോഴ്സുകൾ കൂടി തുടങ്ങും.